Sorry, you need to enable JavaScript to visit this website.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 28 ന് കൊടിയുയരും; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പെൻസിൽ മാതൃകയിലുള്ള കൊടിമരം.


കാഞ്ഞങ്ങാട് - അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 28 ന് കൊടിയുയരും. നാല് ദിവസങ്ങളിലായി കലാ പ്രതിഭകൾ മാറ്റുരക്കാൻ എത്തുന്ന കലയുടെ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. അന്ന് രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യാഭ്യാസ ജനറൽ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടന സമ്മേളനം. 60 അധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗത ഗാനവും വിദ്യാർഥികളുടെ നൃത്തശിൽപ്പവും ഉണ്ടാകും. 
നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കന്ന്, എം.സി. ഖമറുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ പതാക കൈമാറും. 
28 വേദികളിലാണ് മത്സരം. എല്ലാ വേദികളികളിലും രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാർഥികൾ മത്സരിക്കാനെത്തും. എച്ച്.എസ് 96, എച്ച്.എസ്.എസ് 105, സംസ്‌കൃതം  19, അറബിക് 19 എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. ഒന്നാം ദിവസം 2700, രണ്ടാം ദിനം 2910, മൂന്നാം ദിനം 2650, നാലാം ദിനം 510 എന്നിങ്ങനെ മത്സരാർഥികൾ വേദിയിലെത്തും. 
മത്സരം കഴിഞ്ഞയുടൻ വേദിയിൽ ഫലം പ്രഖ്യാപിക്കും. പൂമരം ആപ്പ് വഴി ലോകത്തെവിടെ നിന്നും ഫലം അറിയാം. വിക്ടേഴ്‌സ് ചാനൽ തത്സമയം പരിപാടികൾ സംപ്രേഷണം ചെയ്യും. സർട്ടിഫിക്കറ്റുകളും ട്രോഫിയും പ്രധാന വേദിക്ക് സമീപമുള്ള കൗണ്ടറിൽ സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും ട്രോഫി നൽകും. 717 വിധികർത്താക്കളും 200 റിസർവ്ഡ് വിധികർത്താക്കളും ഉണ്ടാകും. എല്ലാ വേദികളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളുമുണ്ടാകും. മത്സര വേദികളിൽ മത്സരാർഥിക്കും അനുഗമിക്കുന്ന അധ്യാപകനും മാത്രമായിരിക്കും പ്രവേശനം. മത്സരാർഥികളുടെ രജിസ്‌ട്രേഷൻ 27 ന് രാവിലെ 10 മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മുമ്പൊക്കെ കലോത്സവം ആരംഭിക്കുംമുമ്പ് നടന്നിരുന്ന രചന മത്സരങ്ങൾ ഇത്തവണ 28, 29, 30 തീയതികളിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് സൗത്തിലാണ്. മത്സരാർഥികൾക്കും മറ്റുമായി കൊവ്വൽ പള്ളിയിലെ ഭക്ഷണ ശാലയിൽ ഭക്ഷണം നൽകും. ഇരുന്ന് ഇലയിട്ടായിരിക്കും ഭക്ഷണം. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും കലോത്സവം. 
എൻ.എസ്.എസ്, എൻ.സി.സി, ജെ.ആർ.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി വിഭാഗങ്ങളിലായി ആയിരത്തോളം വളണ്ടിയർമാർ ഉണ്ടാകും. മത്സരാർഥികൾക്ക് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. 40 ബസുകൾ വേദികൾ തോറും അഞ്ച് മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. രണ്ടായിരത്തോളം മാധ്യമ പ്രവർത്തകർ കലോത്സവം റിപ്പോർട്ട് ചെയ്യാനെത്തും. 

 

 

Latest News