മലപ്പുറം- സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്ക് മതസംഘടനകളുടെ പേരില്‍ സീറ്റ് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് വിവാദമാകുന്നു. ന്യൂനപക്ഷ കോളെജ് മാനേജ്‌മെന്‍റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ ഭേദമില്ലാതെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കേണ്ട സീറ്റുകളിലേക്കാണ് കോഴ വാങ്ങാന്‍ വഴിയൊരുക്കുന്ന തരത്തിലുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ദേശീയ തലത്തിലെ പൊതുപ്രവേശന പരീക്ഷയായ നീറ്റിലെ മെറിറ്റ് സീറ്റിന് മറികടന്ന് കോഴ വാങ്ങി സീറ്റ് വില്‍ക്കാനുള്ള തന്ത്രമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
മുസ്‌ലിം സമുദായത്തിലെ വത്യസ്ത സംഘടനകളെ പലജാതികളായി വ്യാഖ്യാനിച്ച് അവര്‍ക്ക് സീറ്റ് നല്‍കുന്നതിന് അവസരമൊരുക്കുന്ന തരത്തില്‍ ഇറങ്ങിയ ഉത്തരവിറക്കാന്‍ സ്വകാര്യ മാനേജ്‌മെന്‍റ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഈ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. നീറ്റിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍ വരുന്ന കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരുടെ അവസരങ്ങള്‍ നിഷേധിക്കുന്ന ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. ഇതു ബാലിശമാണെന്നും കോഴ വാങ്ങാന്‍ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്‍റുകള്‍ക്ക് അവസരമൊരുക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.
സംവരണ സമുദായത്തില്‍പ്പെട്ട യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പു വരുത്തുന്നതിന് പകരം ന്യൂനപക്ഷ സംവരണ സീറ്റുകളില്‍ മതസംഘടനകളുടെയും നേതാക്കന്മാരുടേയും ശുപാര്‍ശ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ മെഡിക്കല്‍ കോളേജുകളിലെയും സീറ്റുകളില്‍ കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം), കേരളാ ജമാഅത്തെ ഇസ്‌ലാമി, മഹല്ല് ജമാഅത്ത്, കേരള മുസ്‌ലിം ജമാഅത്ത്, കേരളാ ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം, കേരളാ സുന്നീ ജമാഅത്ത് കൊല്ലം, കൊല്ലം മുസ്‌ലിം അസോസിയേഷന്‍ എന്നീ സംഘടനകളുടെ ശുപാര്‍ശ കത്തുപയോഗിച്ച് പ്രവേശനം നടത്താമെന്ന് ഉത്തരവ് പറയുന്നു. എന്നാല്‍ ജാതികളോ ഉപജാതികളോ ഇല്ലാത്ത മുസ്ലിം സമുദായത്തിനകത്ത് സംഘടനകളെ ജാതിയായി വ്യാഖ്യാനിച്ച് ഇറക്കിയ ഉത്തരവ് ദുഷ്ടലാക്കോടെയാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു.
ഒരു മതസംഘടനകളിലും അംഗങ്ങളല്ലാത്ത ആളുകള്‍ മുസ്‌ലിംങ്ങള്‍ക്കിടയിലുണ്ട്. ഗവണ്‍മെന്റ് നീറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു മതസംഘടനുമായും ബന്ധമില്ലാത്ത മുസ്ലിംകള്‍ എന്തു ചെയ്യുമെന്ന് ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. മാത്രമല്ല ഉത്തരവില്‍ പരാമര്‍ശിക്കാത്ത മുസ്ലിം സംഘടനകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുമായി ബന്ധമുള്ളവര്‍ക്കും ഉത്തരവ് പ്രകാരം സീറ്റ് ലഭിക്കില്ല. മതവിശ്വാസമില്ലാത്ത മുസ്‌ലിം നാമധാരികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുമോ? മുസ്ലിം സമുദായത്തിന്‍റെ കാര്യത്തില്‍ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിഭജനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു. ഇത്തരം ഒരു തീരുമാനം ഗവണ്‍മെന്‍റിന്‍റെയും സ്വാശ്രയ മാനേജ്‌മെന്‍റിന്‍റെയും ഒത്തുകളിയുടെ ഭാഗമാണ്.
ഒരു മതേതര സമൂഹത്തില്‍ ഇങ്ങിനെ ഒരു ഉത്തരവ് എങ്ങിനെയാണ് ഇടതുപക്ഷത്തിന് ഇറക്കാന്‍ സാധിച്ചത് എന്നത് അത്ഭുതകരമാണ്. 'ഇത്തരം ഒരു ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി വല്ല ചര്‍ച്ചയും നടന്നിട്ടുണ്ടോ? ആരോഗ്യമന്ത്രി ഈ ഉത്തരവിനെ ന്യായീകരിച്ചത് കാര്യങ്ങള്‍ മനസ്സില്ലാക്കിത്തന്നെയാണോ. അതോ മാനേജ്‌മെന്റുകളുമായി കൂട്ടുകച്ചവടത്തിന് നിന്ന് കൊടുത്തതാണോ?' കെ പി എ മജീദ് ചോദിക്കുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമിയും ആവശ്യപ്പെട്ടു.