Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വൈകാതെ അനുവദിക്കും

റിയാദ്- ലെവിയിളവ് ആനുകൂല്യം ലഭിച്ച വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള സ്‌പോൺസർഷിപ്പ് മാറ്റം ഉടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം.

വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ലെവി പിൻവലിച്ച ശേഷം താൽക്കാലികമായാണ് സ്‌പോൺസർഷിപ്പ് മാറ്റം നിർത്തിവെച്ചിരിക്കുന്നതെന്നും മാനദണ്ഡങ്ങൾക്ക് വിധേയമായി ഉടൻ അത് പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം ചോദ്യത്തിനുത്തരമായി ട്വിറ്ററിൽ വ്യക്തമാക്കി. 


നവംബർ ഒന്നു മുതലാണ് ഇൻഡസ്ട്രിയൽ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവിയിളവ് നടപ്പാക്കിയത്. ഇളവ് പ്രഖ്യാപിച്ച് ഏതാനും ദിവസം മാത്രമാണ് ഈ സ്ഥാപനങ്ങൾക്ക് സ്‌പോൺസർഷിപ്പ് മാറ്റത്തിന് അവസരം ലഭിച്ചത്. പിന്നീട് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു എന്ന് തൊഴിൽ മന്ത്രാലയം അറിയിക്കുകയായിരുന്നു. അതിനിടെ നിരവധി സ്ഥാപനങ്ങൾ തൊഴിലാളികളെ സൗദി മാർക്കറ്റിൽനിന്ന് റിക്രൂട്ട്‌മെന്റിന് ശ്രമം തുടങ്ങുകയും ചെയ്തു. പക്ഷേ സ്‌പോൺസർഷിപ്പ് മാറ്റം നിലച്ചതോടെ അതെല്ലാം പാതിവഴിയിലായി. 


വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാൻ ഉന്നതാധികൃതർ തീരുമാനിച്ചത്.

തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുമായി സഹകരിച്ച് ലെവിയിളവിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും നിശ്ചയിക്കുന്നതിനും വ്യവസായ മേഖലയുടെ മത്സരക്ഷമത ഉയർത്തുന്നതിനുമുള്ള സുസ്ഥിര പോംവഴികൾ തയാറാക്കുന്നതിനും ഊർജ, വ്യവസായ, ധാതുവിഭവ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. പുതിയ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദീകരണം വൈകാതെയുണ്ടാകും. ഈ മേഖലയിലെ 36,000 ത്തോളം പ്രൊഫഷനുകൾ സ്വദേശികൾക്ക് സംവരണം ചെയ്യുന്നതിന് തൊഴിൽ, വ്യവസായ മന്ത്രാലയങ്ങൾ ധാരണാ പത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.  


വ്യവസായ സ്ഥാപനങ്ങൾക്കുള്ള ഇന്ധന, വൈദ്യുതി, ഹൈഡ്രോകാർബൺ പദാർഥങ്ങൾ എന്നിവയുടെ നിരക്കുകൾ അടുത്ത വർഷം ആദ്യത്തോടെ സ്ഥിരപ്പെടുത്താനും തീരുമാനമായി. ഊർജ, ജല മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വലിയ തോതിൽ ഊർജം ഉപയോഗിക്കുന്ന ഫാക്ടറികൾക്ക് 2030 വരെയുള്ള കാലത്ത് ഉദ്ദിഷ്ട ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായകമായ നിലയ്ക്കുള്ള സ്ഥിരം നിരക്കുകൾ കമ്മിറ്റി നിർണയിക്കും. നിലവിൽ 8000 ത്തിലധികം സ്ഥാപനങ്ങളുള്ള ഈ മേഖലയിൽ എട്ടു ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അവരിൽ 20 ശതമാനം സ്വദേശികളാണ്.

Latest News