Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സംഘർഷം: സർവ്വകക്ഷി യോഗം ആറിന്

തിരുവനന്തപുരം- അക്രമസംഭവങ്ങളിൽനിന്ന് ബന്ധപ്പെട്ട് അണികൾ സംയമനം പാലിക്കുന്നതിനുള്ള ജാഗ്രത പാർട്ടി നേതാക്കൾ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി നേതാക്കളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാർട്ടി ഓഫീസുകളും നേതാക്കളുടെ വീടുകളും അക്രമിക്കപ്പെട്ടതിനെ യോഗം അപലപിച്ചു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ ഉഭയകക്ചഷി ചർച്ചകൾ നടത്താനും തീരുമാനിച്ചു. തിരുവനന്തപുരത്ത് അടുത്ത ആറിന് വൈകിട്ട് സർവകക്ഷി യോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉഭയകക്ഷി ചർച്ച നടത്താനും തീരുമാനിച്ചു. ജില്ലാ തലത്തിലായിരിക്കും ചർച്ച. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നാളെ തന്നെ ഉഭയകക്ഷി ചർച്ച നടക്കും. കണ്ണൂരിൽ ആറിനാണ് ചർച്ച.  
അതേസമയം, യോഗം തുടങ്ങുന്നതിന് മുമ്പ് യോഗഹാളിൽനിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. സർവ്വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് പെട്ടെന്ന് മടങ്ങുകയായിരുന്നു. 
എന്നാൽ, ഇത്തരം ചർച്ചകൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്തുന്നത് കൊണ്ട് ഫലപ്രദമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹാളിൽ നേരത്തെ തന്നെ മാധ്യമപ്രവർത്തകർ നിലയുറപ്പിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി അങ്ങിനെ പറഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്ത് കാര്യമുണ്ടെങ്കിലും മുഖ്യമന്ത്രിയോട് പറയാമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യം തന്‍റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ ആദ്യം പറഞ്ഞത്. 

കേരളത്തില്‍ സ്വൈര്യവും ശാന്തിയും സമാധാനവും നഷ്ടപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിന് ബി.ജെ.പിയും ആര്‍.എസ്.എസും മുഴുവന്‍ പിന്തുണയും നല്‍കും. കേരളത്തില്‍ സമാധാനവും സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ടാകണം. ഈ സഹചര്യമുണ്ടാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അഭിപ്രായത്തിലുള്ള വൈവിധ്യം നമ്മുടെ സംസ്കാരത്തിന്‍റെ സൌന്ദര്യമാണ്. അക്രമങ്ങള്‍ പലയിടത്തും നടക്കുന്നു. ഇത് തടയുന്നതിനുള്ള നടപടി പോലീസിന്‍റെ ഭാഗത്ത്നിന്നുണ്ടാകണം. സി.പി.എമ്മിന്‍റെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറുകയാണെന്നും കുമ്മനം ആരോപിച്ചു. 

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ, ആർ.എസ്.എസ്. നേതാവ് പി. ഗോപാലൻ കുട്ടി എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. അക്രമങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. 
 

Latest News