Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഔഖാഫ് മേഖലയിൽ  ലെവി ഒഴിവാക്കും

റിയാദ്- ഔഖാഫ് മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ലെവി ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജനറൽ അതോറിറ്റി ഫോർ ഔഖാഫ് ഗവർണർ ഇമാദ് അൽഖറാശി വ്യക്തമാക്കി. നികുതികൾ, നിഷ്‌ക്രിയ ഭൂമിയുടെ ഫീസുകൾ എന്നിവയും ഇതോടനുബന്ധിച്ച് ഒഴിവാക്കും. അടുത്ത വർഷത്തോടെ വിവിധ വകുപ്പുകളുമായി ഔഖാഫിനെ ഓൺലൈനായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിലവിൽ ഔഖാഫിന്റെ പ്രവർത്തനങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ നിരവധിയാണ്. അത് പരിഹരിച്ച് ക്രിയാത്മകമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ പഠനങ്ങൾ നടക്കുന്നുണ്ട്. ബിസിനസ് മേഖലയിൽ നിന്നുള്ളവരിൽനിന്ന് വഖഫ് സ്വീകരിക്കുന്നതിനും മറ്റുമുള്ള നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സമിതിക്ക് നേതൃത്വം നൽകുന്നതിനാൽ വിദേശികളുടെ ലെവിയും നിഷ്‌ക്രിയ ഭൂമിയുടെ ഫീസുകളും നികുതികളും അതോറിറ്റിക്ക് മുന്നിലുള്ള തടസ്സങ്ങളാണെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വഖഫ് രജിസ്റ്റർ ചെയ്യാനും അജ്ഞാത വഖഫുകളെക്കുറിച്ച് വിവരം നൽകാനും സ്വദേശികൾക്കും വിദേശികൾക്കും പരാതികൾ സമർപ്പിക്കാനും അതോറിറ്റിയുടെ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. യുസ്‌റ് പോഗ്രാമുമായും നീതിന്യായ മന്ത്രാലയവുമായും അതോറിറ്റിയെ ഓൺലൈൻ ബന്ധിപ്പിച്ച പോലെ മറ്റെല്ലാ വകുപ്പുകളെയും ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുന്നതിനും സൗദിയുടെ സംസ്‌കാരത്തെ പരിചയപ്പെടുത്തുന്നതിനുമായി ജിദ്ദയിലെ ചരിത്ര പ്രദേശങ്ങളിലെ വഖഫ് സ്ഥാപനങ്ങളുടെ നവീകരണത്തിന് 100 മില്യൻ റിയാൽ നീക്കിവെച്ചിട്ടുണ്ട്. പള്ളികളും കെട്ടിടങ്ങളും നവീകരിക്കുന്ന പദ്ധതിയാണിത്.
 

Latest News