റിയാദ്- ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് മദ്യനിരോധനത്തിൽ മാറ്റം വരുത്തില്ലെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അഹമ്മദ് അൽഖത്തീബ്. രാജ്യം ഇപ്പോൾ അതിന്റെ പരിഷ്‌കരണ പാതയിലാണ്. നിസ്‌കാര സമയത്ത് കടകളച്ചിടുന്നത് ടൂറിസ്റ്റുകൾക്ക് വലിയ പ്രശ്‌നമായി മാറില്ലെന്നും ബ്ലൂംബർഗുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മദ്യ ഉപയോഗത്തോട് മൃദു സമീപനം പോലും സൗദി സ്വീകരിച്ചിട്ടില്ല. നിസ്‌കാര സമയത്ത് കടകളടക്കുന്നത് ഷോപ്പിംഗ് കോംപ്ലക്‌സുകളിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുന്നതിന് തടസ്സമാകുന്നില്ല. എന്നാൽ ടൂറിസ്റ്റുകളുടെ സഞ്ചാരം വിലയിരുത്തുന്നുണ്ടെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ടൂറിസ്റ്റ് വിസ നിലവിൽ വന്നതു മുതൽ ബ്രിട്ടീഷ്, ചൈനീസ് ടൂറിസ്റ്റുകളാണ് സൗദിയിലെത്തിവരിലേറെയും. 1,40,000ത്തോളം പേർ ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇപ്പോഴുണ്ട്. നിലവിൽ ടൂറിസ്റ്റുകൾക്കാവശ്യമായ ഹോട്ടലുകളും യാത്രാസംവിധാനങ്ങളും ഇവിടെയുണ്ട്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ സ്വാഭാവികമായും രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയിലും മാറ്റം പ്രകടമാവും -അദ്ദേഹം പറഞ്ഞു.