റിയാദ്- 2021 ഓടെ വ്യവസായ മേഖലയിൽ 35,892 ജോലികൾ സ്വദേശിവൽക്കരിക്കുന്നതിന് തൊഴിൽമന്ത്രാലയവും വാണിജ്യ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൊഴിൽ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തൊഴിൽ സഹമന്ത്രി ഡോ. അബ്ദുല്ല അബൂ സ്‌നൈൻ, വ്യവസായ സഹമന്ത്രി എൻജിനീയർ ഉസാമ അൽസാമിൽ, ടിവിടിസി ഗവർണർ ഡോ. അഹമ്മദ് അൽഫുഹൈദ്, ഹദഫ് ഡയറക്ടർ ജനറൽ തുർക്കി അൽജുഐവീനി, സൗദി ചാംബർ ഓഫ് കൊമേഴ്‌സ് വ്യവസായ സമിതി പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ അൽഅബീദ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
തൊഴിൽ മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി, വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
രണ്ടു വർഷത്തിനുള്ളിൽ 35,982 ജോലികൾ സ്വദേശിവൽക്കരിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും കൂട്ടായ പ്രവർത്തനം നടത്തും. ഇതിനായി സ്വദേശികൾക്ക് തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നതോടൊപ്പം അവർക്ക് നിയമനം നൽകുന്നതിന് അവസരമൊരുക്കും. അത്തരം കമ്പനികൾക്ക് ഉത്തേജന പദ്ധതികൾ അനുവദിക്കുകയും ചെയ്യും.
സ്വദേശിവൽക്കരണം കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ നിയമ വ്യവസ്ഥകൾക്ക് ഭേദഗതിയും വരുത്തും. ഇത്തരം സ്ഥാപനങ്ങളുടെ നിതാഖാത്ത് വ്യവസ്ഥയിലെ നിലവിലെ തോതിൽ മാറ്റം വരുത്തി കൂടുതൽ സ്വദേശിവൽക്കരണത്തിന് നിർദേശവും നൽകും. പദ്ധതിയിലെ പുരോഗതി സംബന്ധിച്ച് പ്രതിമാസ റിപ്പോർട്ടും ഓരോ പാദവർഷങ്ങളിൽ പദ്ധതിയിലെ നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ റിപ്പോർട്ടും തയാറാക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ലക്ഷ്യങ്ങളിലൊന്നാണിതെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാ അൽഖൈൽ അറിയിച്ചു. വ്യവസായ മേഖലയുടെ വളർച്ച പ്രതീക്ഷിത വിജയം കൈവരിക്കുന്നതിന് ഈ മേഖലയിലെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുകയെന്നത് തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതികളിലൊന്നാണ്. ഇതിനുള്ള ധാരണാപത്രം നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള ഏകോപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.