Sorry, you need to enable JavaScript to visit this website.

നിയമലംഘനങ്ങള്‍: സൗദിയിലെ വന്‍കിട കമ്പനികള്‍ക്ക് മുന്നറിയിപ്പ്

റിയാദ്- സ്വയം വിലയിരുത്തലിന് വിധേയമാകാത്ത വൻകിട കമ്പനികൾക്കെതിരെ അടുത്ത ഞായറാഴ്ച മുതൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവശ്യമായ സാവകാശം അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താത്ത ഇത്തരം സ്ഥാപനങ്ങൾക്ക് മന്ത്രാലയം അനുവദിക്കുന്ന എല്ലാ ഓൺലൈൻ സേവനങ്ങളും നിർത്തിവെക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അൽഖൈൽ വ്യക്തമാക്കി.


സ്ഥാപനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങളും പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂണിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴിൽ മന്ത്രി നടത്തിയത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇതിനായി പ്രത്യേകം തയാറാക്കിയ 'അത്തഖ്‌യീമുദ്ദാത്തീ' എന്ന പ്രോഗ്രാം വഴിയാണ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കേണ്ടത്.


വൻകിട സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച സമയപരിധി നവംബർ അവസാനത്തോടെ അവസാനിക്കും. ഇതിനകം രജിസ്റ്റർ ചെയ്ത് സ്വയം വിലയിരുത്തൽ നടത്താത്ത സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും നിർത്തുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ തൊഴിലാളികളുടെ ഇഖാമ പുതുക്കൽ, സ്‌പോൺസർഷിപ് മാറ്റം, പ്രൊഫഷൻ മാറ്റം തുടങ്ങിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സാധ്യമാകില്ല.


ഇടത്തരം സ്ഥാപനങ്ങൾ ഒക്ടോബർ 23 മുതൽ മൂന്നു മാസത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്ത് സ്വയം വിലയിരുത്തൽ നടത്തേണ്ടത്. സ്വയം വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം ഓരോ സ്ഥാപനങ്ങൾക്കും അവയുടെ പോരായ്മകൾ പരിഹരിക്കാൻ മൂന്നു മാസത്തെ സമയം കൂടി ലഭിക്കും. തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് മുമ്പ് തന്നെ സ്ഥാപനങ്ങൾ എല്ലാ നിയമലംഘനങ്ങളും ശരിയാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പിഴയടക്കമുള്ള നടപടികൾക്ക് വിധേയമാവേണ്ടിവരും.


ഈ പ്രോഗ്രാമിൽ 17 മാനദണ്ഡങ്ങളാണ് സ്വയം വിലയിരുത്തലിന്റെ ഭാഗമായുള്ളത്. അഞ്ചെണ്ണം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും ആറെണ്ണം തൊഴിലാളികളുമായി ബന്ധപ്പെട്ടതുമാണ്. മറ്റു ആറെണ്ണം ഭിന്നശേഷിക്കാരടക്കമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെട്ടവർക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. സൈറ്റിൽ രേഖപ്പെടുത്തിയ നിയമ ലംഘനങ്ങൾ ശേഖരിച്ചാണ് തൊഴിൽ മന്ത്രാലയ പരിശോധകർ സ്ഥാപനങ്ങളിലെത്തുക.

Latest News