ദുബായ്- സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇ ആ സന്ദേശത്തിന് പ്രതീകവത്കരിച്ച് ലോകത്തേറ്റവും വലിയ പൂക്കളം തീര്‍ത്തു. പൂക്കളത്തിലെ വിവിധ പൂക്കള്‍ പോലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ സഹിഷ്ണുതയോടെ കഴിയുന്ന രാജ്യമായി യു.എ.ഇയെ പ്രതീകവല്‍ക്കരിക്കാനാണ് അമ്പത് ടണ്ണോളം പൂക്കള്‍ കൊണ്ട് ഭീമന്‍ പൂക്കളമൊരുക്കി ഗിന്നസ് റെക്കോര്‍ഡിട്ടത്.
സഹിഷ്ണുതാ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഫഌവര്‍ ഓഫ് ടോളറന്‍സ് എന്ന പേരിട്ട പൂക്കളം ഒരുക്കാന്‍ 150 രാജ്യങ്ങളില്‍ നിന്ന് അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നു. ഓരോ രാജ്യക്കാരും അവരുടെ പരമ്പരാഗത വേഷത്തിലാണെത്തിയത്. ഫെസ്റ്റിവല്‍ സിറ്റിക്കു സമീപമുള്ള പാര്‍ക്കിംഗ് പ്രദേശത്ത് ഒരുലക്ഷത്തോളം ചതുരശ്ര അടിയിലാണ് പൂക്കളം തീര്‍ത്തത്.
ഗിന്നസ് ബുക്കില്‍നിന്നുള്ള നൂറോളം മാനേജര്‍മാരും മേല്‍നോട്ടം വഹിക്കാന്‍ എത്തിയിരുന്നു.