കോഴിക്കോട്- കൂടത്തായി കൊലപാതകക്കേസിൽ വ്യാജ ഒസ്യത്ത് നിർമിക്കാൻ സഹായിച്ചതിന് വെള്ളിയാഴ്ച അറസ്റ്റിലായ സി.പി.എം കുന്ദമംഗലം മുൻ ഏരിയാ സെക്രട്ടറി മനോജിന് ജോളിയുമായി വളരെ അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. നേരത്തെ ഭൂമി ഇടപാടുമായാണ് ബന്ധം തുടങ്ങിയതെങ്കിലും പിന്നീട് വളരെ അടുത്ത നിലയിലേക്ക് ബന്ധം വളരുകയായിരുന്നു.
എൻ.ഐ.ടി.യിലെ അധ്യാപികയായ തനിക്ക് കട്ടാങ്ങലിൽ വീടും സ്ഥലും ആവശ്യമുണ്ടെന്ന് പറഞ്ഞാണ്, ബ്രോക്കർ കൂടിയായ മനോജിന്റെയടുത്ത് ജോളി ആദ്യം ചെല്ലുന്നത്. വാർഡ് മെമ്പർ കൂടിയായ ഇയാൾ 22 സെന്റ് സ്ഥലവും വീടും ജോളിക്കും ആദ്യ ഭർത്താവ് റോയിക്കും കാണിച്ചു കൊടുത്തു. സ്ഥലം വാങ്ങുന്നതിന് മുന്നോടിയായി അൻപതിനായിരം രൂപയുടെ രണ്ട് ചെക്കുകൾ മനോജിന് കൈമാറി.
എന്നാൽ പിന്നീട് മനോജ്, പറഞ്ഞുറപ്പിച്ച തുകയേക്കാൾ അധികം വാങ്ങി മറ്റാർക്കോ വസ്തു കച്ചവടമാക്കി. ഇതറിഞ്ഞ ജോളി, മനോജിന്റെ വീട്ടിൽ ചെന്ന് പല തവണ ബഹളമുണ്ടാക്കി. ആയിരവും രണ്ടായിരവും തോതിൽ മനോജ് കുറച്ചു പണം തിരിച്ചു നൽകി. ഈ സമയത്താണ് വ്യാജ ഒസ്യത്തുമായി ജോളി മനോജിനെ സമീപിച്ചത്. അങ്ങനെയാണ് ഒപ്പിട്ടു കൊടുക്കുന്നത്. രണ്ടാമത് ഒരു സാക്ഷി കൂടി വേണമെന്ന് പറഞ്ഞപ്പോൾ സുഹൃത്തായ മഹേഷ് കുമാറിന്റെ പേരെഴുതി ഒപ്പിട്ടു. പോലീസ് അന്വേഷിച്ചു ചെന്നപ്പോഴാണ് മഹേഷ് ഈ വിവരം അറിയുന്നത്. തുടർന്ന് മനോജിനെ പോയി കണ്ടപ്പോൾ നീ പേടിക്കേണ്ട, നമ്മുടെ ഭരണമാണ്, പോലീസ് ഒന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. പോലീസ് മനോജിനെയും മഹേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തു വന്നത്. മനോജിന് ജോളിയുമായി മറ്റു ചില ബന്ധങ്ങൾ കൂടി ഉള്ളതായും ഇക്കാര്യം കൂടി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ മനോജിനെ കോടതി റിമാന്റ് ചെയ്തു.