മനാമ- സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായതു പോലുള്ള ആക്രമണങ്ങൾ ആവർത്തിക്കുന്നതിൽനിന്ന് ഇറാനെ ആഗോള സമൂഹം തടയണമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു.
മനാമ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറാംകൊ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനാണ്. സംഭവത്തിൽ മതിയായ സമയമെടുത്ത് സൗദി അറേബ്യ അന്വേഷണം പൂർത്തിയാക്കും.
അന്വേഷണത്തിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുന്നതിന് സൗദി അറേബ്യ യു.എന്നിനോട് ആവശ്യപ്പെടും.
വിഭാഗീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ നയം നിർണയിക്കുന്ന പ്രവർത്തന ശൈലി തുടരുന്നതിന് ഇറാനെ അനുവദിക്കാൻ കഴിയില്ല. സെപ്റ്റംബർ 14ന് സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു ശേഷം നന്മക്കും തിന്മക്കുമിടയിലെ തെരഞ്ഞെടുപ്പാണ് മേഖല ഇപ്പോൾ അഭിമുഖീകരിക്കുന്നത്. തൃപ്തിപ്പെടുത്തൽ നയം ഹിറ്റ്‌ലറുമായി വിജയിച്ചിട്ടില്ല. ഈ നയം ഇറാൻ ഭരണകൂടവുമായും വിജയിക്കില്ലെന്ന് ആദിൽ അൽജുബൈർ പറഞ്ഞു.
ഇറാനുമായി ചർച്ച നടത്തുന്നതിൽ സൗദി എതിരല്ല. എന്നാൽ ആക്രമണങ്ങൾ ആവർത്തിക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതിനുള്ള നടപടികൾ തുടരേണ്ടത് അനിവാര്യമാണ്. വിനാശകരമായ വിഭാഗീയതയാണ് ഇറാൻ പ്രചരിപ്പിക്കുന്നത്. ലോകത്തുള്ള മുഴുവൻ ശിയാക്കളും ഇറാനിൽ ഉൾപ്പെടുന്നതായി ഇറാൻ വാദിക്കുന്നു. ഇത് പരിഹാസ്യമാണ്.
മുഴുവൻ കത്തോലിക്കരും ഇറ്റലിയിൽ ഉൾപ്പെടുന്നതായി ഇറ്റലി പറയുന്നത് ജർമനി അംഗീകരിക്കുമോയെന്ന് ആദിൽ അൽജുബൈർ ആരാഞ്ഞു. പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും വീക്ഷണങ്ങളാണ് മേഖലയിൽ ഇപ്പോൾ കാണുന്നതെന്നും സൗദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
കിഴക്കൻ സൗദിയിൽ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളിൽ അഗ്നിബാധയുണ്ടാവുകയും സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദന ശേഷിയുടെ പകുതിയോളം വരുന്ന 57 ലക്ഷം ബാരലോളം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.