ബത്തേരി -ഗവ.സർവജന സ്‌കൂളിൽ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ മൊഴി കൊടുത്ത കുട്ടികളെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷഹലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിൽ പുറ്റുണ്ടെന്നും പാമ്പുണ്ടെന്നും മൊഴികൊടുത്ത കുട്ടികളെയാണ് ചിലർ ഭീഷണിപ്പെടുത്തുന്നത്. ഇതു അംഗീകരിക്കാൻ കഴിയില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ചാനലുകൾക്കു അഭിമുഖം നൽകിയ കുട്ടിയെ നഗരസഭാ മുൻ ചെയർമാൻ പോലും ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഷഹലയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം. കുടുംബത്തിന് അടിയന്തര സഹായധനം പ്രഖ്യാപിക്കണം. മുഖ്യമന്ത്രി സ്ഥലത്തില്ലെന്നു കരുതി സഹായധനം പ്രഖ്യാപിക്കാതിരിക്കാതിരിക്കുന്നത് വീഴ്ചയാണ്.
ഷഹലയുടെ മരണത്തിൽ നഗരസഭ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവർ ഉത്തരവാദികളാണ്. ക്ലാസ് മുറിയിലാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വകുപ്പിനുള്ള പങ്കു ചെറുതല്ല. സ്‌കൂൾ കെട്ടിടത്തിനു ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിച്ച നഗരസഭയുടെ ചെയർമാനുള്ള പങ്കും ഗൗരവമുള്ളതാണ്. പാമ്പുകടിച്ചുവെന്ന് പറഞ്ഞിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് കുറ്റകരമായ അനാസ്ഥയാണ്.
എല്ലാ പൊതുവിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞുനടക്കുന്നത്. അന്താരാഷ്ട നിലവാരം എന്താണെന്നു സർവജന സ്‌കൂളിൽ എത്തിയപ്പോഴാണ് മനസ്സിലായത്. ബത്തേരിയിലെത്തിയതു പ്രതിപക്ഷ നേതാവെന്ന നിലയിലല്ല, കുട്ടികളുള്ള രക്ഷിതാവായാണ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്നതിനു സമിതിയെ നിയോഗിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.എം.എൽ.എമാരായ പി.ടി.തോമസ്, ഷംസുദ്ദീൻ, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ് എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. സമിതി എല്ലാ ജില്ലകളിലും സന്ദർശനം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.