Sorry, you need to enable JavaScript to visit this website.

ജി 20 അധ്യക്ഷ സ്ഥാനം സൗദി അറേബ്യ ഏറ്റെടുത്തു

റിയാദ് - അടുത്ത വർഷത്തേക്കുള്ള ജി-20 അധ്യക്ഷ സ്ഥാനം സൗദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയിൽ ചേർന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് ജി-20 അധ്യക്ഷ സ്ഥാനം സൗദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരന്റെ അധ്യക്ഷതയിലാണ് സൗദി സംഘം യോഗത്തിൽ സംബന്ധിച്ചത്. അടുത്ത ജി-20 ഉച്ചകോടിക്ക് സമഗ്രമായ പദ്ധതി സൗദി തയാറാക്കിയിട്ടുണ്ടെന്ന് വിദേശ മന്ത്രി വ്യക്തമാക്കി. 


കഴിഞ്ഞ ജൂണിൽ ജപ്പാനിലെ ഒസാകയിൽ ചേർന്ന ജി-20 ഉച്ചകോടിയിൽ കിരീടാവകാശി നടത്തിയ പ്രസംഗത്തിൽ ജി-20 കൂട്ടായ്മക്ക് സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് പരാമർശിച്ചിരുന്നു. ഭാവിയിൽ സാമ്പത്തിക മേഖലകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളും വെല്ലുവിളികളും, സാമ്പത്തിക നയങ്ങളും സംരംഭങ്ങളും വെല്ലുവിളികൾക്കുള്ള പോംവഴികളും രൂപപ്പെടുത്തലും ഉൾക്കൊള്ളുന്നതാണ് സൗദിയുടെ പദ്ധതി.

എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനു വേണ്ടി ജി-20 രാജ്യങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ സൗദി മുൻകൈയെടുക്കും. ജി-20 കൂട്ടായ്മക്ക് നേതൃത്വം നൽകി സൗദി മുന്നോട്ടു വെക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ജി-20 അധ്യക്ഷ സ്ഥാനം ആരംഭിക്കുന്ന ഡിസംബർ ആദ്യത്തിൽ പരസ്യപ്പെടുത്തും. 


സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള സൗദിയുടെ വിഷൻ 2030 പദ്ധതികൾക്കും സംരംഭങ്ങൾക്കും അനുസൃതമായി ലോക ജനതയെ ശാക്തീകരിക്കാനും ഭൂമിയെ സംരക്ഷിക്കാനും നവീന ആശയങ്ങളെ പിന്തുണക്കാനും സമൃദ്ധി കൈവരിക്കാനുമാണ് പ്രോഗ്രാമിലൂടെ ശ്രമിക്കുന്നത്. ടൂറിസം, കൃഷി, ഊർജം, പരിസ്ഥിതി, ഡിജിറ്റൽ ഇക്കോണമി എന്നിവ അടക്കമുള്ള വിഷയങ്ങളിൽ ജി-20 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഒരു വർഷത്തിനുള്ളിൽ പത്തിലേറെ ഉച്ചകോടികൾ സംഘടിപ്പിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് അടുത്ത മാസം ആദ്യ വാരത്തിൽ ജി-20 ധനമന്ത്രിമാർ റിയാദിൽ യോഗം ചേരും. 

 

Latest News