റിയാദ് - കാലാവധി തീർന്ന ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കാൻ ആയിരം റിയാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നവർ വിസാ കാലാവധിയായ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് വ്യവസ്ഥ. ഫൈനൽ എക്‌സിറ്റ് ലഭിച്ച് നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കിൽ വിസ റദ്ദാക്കാനും പുതിയ ഫൈനൽ എക്‌സിറ്റ് ഇഷ്യൂ ചെയ്യുന്നതിനും ആയിരം റിയാൽ പിഴ ചുമത്തും. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ഫൈനൽ എക്‌സിറ്റ് വിസാ നടപടികൾ പൂർത്തിയാക്കാൻ ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണം.
റീ-എൻട്രി വിസയിൽ രാജ്യം വിടുന്നവർ വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ അവർക്ക് പുതിയ വിസയിൽ വരണമെങ്കിൽ മൂന്നു വർഷം കാത്തിരിക്കണം. തിരിച്ചെത്താത്ത പക്ഷം വിസാ കാലാവധി അവസാനിച്ച് രണ്ടു മാസം പിന്നിട്ട ശേഷം 'സൗദിയിൽ നിന്ന് പുറത്തു പോയി, തിരിച്ചെത്തിയില്ല' എന്ന സ്റ്റാറ്റസ് ഓട്ടോമാറ്റിക് ആയി ജവാസാത്ത് കംപ്യൂട്ടർ സിസ്റ്റത്തിൽ രേഖപ്പെടുത്തും. ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിക്കേണ്ടതില്ല.
റീ-എൻട്രി വിസ ഇഷ്യൂ ചെയ്ത ശേഷം വിസയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല. എന്നാൽ വിസ റദ്ദാക്കി വീണ്ടും ഫീസ് അടച്ച് പുതിയ റീ-എൻട്രി ഇഷ്യൂ ചെയ്യാം. വിസിറ്റ് വിസ ഹവിയ്യതു മുഖീം (ഇഖാമ) ആക്കാനാകില്ല. ഇഖാമ പുതുക്കുന്നതിന് കാലതാമസം വരുത്തുന്നതിനുള്ള പിഴ ഇഖാമ കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനു ശേഷം ചുമത്തും.
ഇഖാമ പുതുക്കുന്നതിന് കാലതാമസം വരുത്തുന്നവർക്ക് ആദ്യ തവണ 500 റിയാലാണ് പിഴ. രണ്ടാമതും ഇതേ നിയമ ലംഘനം നടത്തുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം ആവർത്തിക്കുന്നവരെ സൗദിയിൽനിന്ന് നാടുകടത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.