റിയാദ് - ഹോട്ടലുകളും ട്രാവൽ ഏജൻസികളും ടൂർ ഓപറേറ്റർമാരും അടക്കമുള്ള ടൂറിസം മേഖലാ സ്ഥാപനങ്ങൾ അറബി ഉപയോഗിക്കാതിരുന്നാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കും. ഉപയോക്താക്കളുമായുള്ള ആശയ വിനിമയത്തിനിടെയും ഫോൺ കോളുകൾക്ക് മറുപടി നൽകുമ്പോഴും നിരവധി ടൂറിസം മേഖലാ സ്ഥാപനങ്ങൾ അറബി ഉപയോഗിക്കുന്നില്ലെന്ന് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഫോൺ കോളുകൾക്ക് മറുപടി നൽകുമ്പോഴും അതിഥികളുമായി സംസാരിക്കുമ്പോഴും തുടക്കത്തിൽ അറബി ഭാഷ ഉപയോഗിക്കൽ അനിവാര്യമാണ്.
ഉപയോക്താക്കൾക്ക് അറബി അറിയില്ലെങ്കിൽ അവരുമായി ഇംഗ്ലീഷിൽ സംസാരിക്കാം. നിയമാനുസൃത ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ ടൂറിസം മേഖലാ സ്ഥാപനങ്ങൾ കണിശമായി പാലിക്കണം. ഇത് പാലിക്കാതിരിക്കുന്നത് ടൂറിസം നിയമത്തിന്റെ ഏഴാം വകുപ്പിന്റെ ലംഘനമാണ്. ഇതിന് പതിനായിരം റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കലും ശിക്ഷ ലഭിക്കുമെന്നും സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് മുന്നറിയിപ്പ് നൽകി.