ഹഫർ അൽബാത്തിൻ - നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇൻസ്റ്റിറ്റിയൂട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ ഹഫർ അൽബാത്തിൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യന്ത്രത്തോക്കുമായി സ്ഥാപനത്തിൽ കയറിയ യുവാവ് തോക്കു ചൂണ്ടി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിനകത്ത് വെടിവെപ്പ് നടത്തുകയുമായിരുന്നു. വെടിവെപ്പിൽ സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ല് തകർന്നു. ആർക്കും പരിക്കേറ്റിരുന്നില്ല. കൃത്യത്തിനു ശേഷം കാറിൽ കയറി യുവാവ് സ്ഥലം വിട്ടു.
സംഭവ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നവർ ഇതേ കുറിച്ച് പോലീസിൽ വിവരമറിയിച്ചു. അന്വേഷണോദ്യോഗസ്ഥർ കുതിച്ചെത്തി തെളിവുകൾ ശേഖരിക്കുകയും പ്രതിക്കായി ഊർജിത അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൈകാതെ പ്രതി പോലീസ് പിടിയിലായി. യുവാവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹഫർ അൽബാത്തിൻ പോലീസ് അറിയിച്ചു. യന്ത്രത്തോക്കുമായി യുവാവ് വിദ്യാഭ്യാസ സ്ഥാപനത്തിൽ കയറുന്നതിന്റെയും വെടിവെപ്പ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തുവരികയാണ്. കൃത്യം നടത്തുന്നതിന് പ്രതി ഉപയോഗിച്ച തോക്കും കാറും കസ്റ്റഡിയിലെടുത്ത് സൂക്ഷ്മമായി പരിശോധിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്. പ്രതിക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികളെയും അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.