അൽബാഹ- മലവെള്ളപ്പാച്ചിലിൽ പെട്ട കാറിൽ കുടുങ്ങിയ മൂന്നു പേരെ ഷെവൽ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ സൗദി യുവാവ് അബ്ബാസ് ബിൻ മിശ്അൽ അൽസഹ്‌റാനിക്ക് മഖ്‌വാ ഗവർണർ നായിഫ് ബിൻ മുഹമ്മദ് അൽഹസാസിയുടെ ആദരം. അൽബാഹക്കു സമീപം മഖ്‌വായിലെ വാദി നീറയിൽ മല വെള്ളപ്പാച്ചിലിൽ പെട്ട കാറിൽ കുടുങ്ങിയ സംഘത്തെ യുവാവ് ഷെവൽ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മഖ്‌വാ ഗവർണർ നായിഫ് ബിൻ മുഹമ്മദ് അൽഹസാസി ഗവർണറേറ്റ് ഓഫീസിൽ അബ്ബാസ് ബിൻ മിശ്അൽ അൽസഹ്‌റാനിയെ സ്വീകരിച്ച് പ്രശംസാ പത്രം കൈമാറി. യുവാവിന്റെ ധീരതയെ ഗവർണർ മുക്തകണ്ഠം പ്രശംസിച്ചു.
ബുധനാഴ്ചയാണ് സംഭവം. സിവിൽ ഡിഫൻസ് അധികൃതരും സൗദി പൗരന്മാരും ചേർന്ന് കാർ യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ഷെവലുമായെത്തി കുത്തിയൊലിക്കുന്ന വെള്ളത്തിന് നടുവിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.