ഏദൻ- തെക്കുകിഴക്കൻ യെമനിൽ ഹദർമൗത്ത് തീരദേശത്തെ അൽറിയാൻ ഇന്റർനാഷനൽ എയർപോർട്ടിൽ സർവീസുകൾ പുനരാരംഭിച്ചതായി യെമൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അഞ്ചു വർഷത്തിനു ശേഷമാണ് ഈ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നത്. ഹദർമൗത്ത് തീരമേഖലയിൽ അൽഖാഇദ പിടിമുറുക്കുകയും യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് 2015 മാർച്ചിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നടപടി ആരംഭിക്കുകയും ചെയ്തതോടെയാണ് അൽറിയാൻ എയർപോർട്ട് അടച്ചത്. 2016 ൽ അൽഖാഇദയുടെ നിയന്ത്രണത്തിൽനിന്ന് അൽറിയാൻ എയർപോർട്ട് സഖ്യസേന സ്വതന്ത്രമാക്കിയെങ്കിലും വിമാനത്താവളം തുറന്നിരുന്നില്ല.
വിമാന സർവീസിനുള്ള എല്ലാ ഒരുക്കങ്ങളും അൽറിയാൻ എയർപോർട്ടിൽ പൂർത്തിയാക്കിയതായി വിമാന കമ്പനികളെയും അന്താരാഷ്ട്ര റിലീഫ് സംഘടനകളെയും യെമൻ സിവിൽ ഏവിയേഷൻ അതോറിറ്റി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് വിമാനത്താവളം പ്രവർത്തിക്കുകയെന്നും അതോറിറ്റി പറഞ്ഞു.