ദമാം- വിദേശ വിനോദ സഞ്ചാരികൾക്ക് കാറുകൾ വാടകക്ക് നൽകാനുള്ള നടപടികൾ എളുപ്പമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. നിരവധി വിദേശികൾ ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്താൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് റെന്റ് എ കാർ സ്ഥാപനങ്ങൾ മുഖേന ടൂറിസ്റ്റുകൾക്ക് കാറുകൾ വാടകക്ക് നൽകൽ എളുപ്പമാക്കുമെന്ന് അധികൃതർ അറിയിച്ചത്. റെന്റ് എ കാർ മേഖലയിൽ ഏകീകൃത കരാർ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കരടു കരാറിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ ഉന്നതാധികൃതർ അംഗീകരിച്ചിട്ടുണ്ടെന്ന് പൊതുഗതാഗത അതോരിറ്റിയിലെ പൊതുജന ഗതാഗത വികസന വിഭാഗം ഡയരക്ടർ എൻജിനീയർ അദ്‌നാൻ അൽഉസ്മാൻ പറഞ്ഞു. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത കരാർ ബന്ധപ്പെട്ട വകുപ്പുകൾ അന്തിമമായി അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ്. വിദേശ ടൂറിസ്റ്റുകൾക്ക് കാറുകൾ വാടകക്ക് നൽകുന്നത് എളുപ്പാമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനും അതോറിറ്റി നടപടികൾ സ്വീകരിക്കും. കാറുകൾ ഓടിക്കുന്നതിന് വിദേശ ടൂറിസ്റ്റുകൾക്ക് ഓതറൈസേഷൻ അനുവദിക്കുന്നതിനും അനുയോജ്യമായ സംവിധാനം ഏർപ്പെടുത്തും.
റെന്റ് എ കാർ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന് പൊതുഗതാഗത അതോറിറ്റി ആഗ്രഹിക്കുന്നു. റെന്റ് എ കാർ മേഖലയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങളും സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളും വിശകലനം ചെയ്യുന്നതിന് പൊതുഗതാഗത അതോറിറ്റിയുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിന് റെന്റ് എ കാർ കമ്പനി ഉടമകൾ ലെയ്‌സൺ ഓഫീസറെ നിയമിക്കണം. റെന്റ് എ കാർ സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂല്യനിർണയം നടത്തുകയെന്ന ലക്ഷ്യത്തോടെ സർവീസ് മെഷർമെന്റ് പോയിന്റ് സേവനം ആരംഭിക്കുന്നതിന് അതോറിറ്റി ശ്രമിച്ചുവരികയാണ്. സേവന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള സൂചികകളിൽ ഒന്നായി സർവീസ് മെഷർമെന്റ് പോയിന്റ് സേവനം പരിഗണിക്കും. എയർപോർട്ടുകളിൽ റെന്റ് എ കാർ മേഖലയുടെ വളർച്ചക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി പൊതുഗതാഗത അതോറിറ്റി സഹകരിക്കും. അന്യായമായാണ് പിഴകൾ ചുമത്തപ്പെട്ടതെന്ന് റെന്റ് എ കാർ സ്ഥാപന ഉടമകൾക്ക് തോന്നുന്ന പക്ഷം പ്രത്യേക കമ്മിറ്റിയെ സമീപിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാവുന്നതാണ്. നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സ്വീകരിക്കുന്നതിന് അതോറിറ്റി ഒരുക്കമാണ്.
റെന്റ് എ കാർ മേഖലക്കുള്ള പുതിയ നിയമാവലി തയാറാക്കിവരികയാണ്. ഇത് അന്തിമമായി അംഗീകരിച്ചിട്ടില്ല. റെന്റ് എ കാർ മേഖലയിലെ 15 പ്രശ്‌നങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ കാണുന്നതിന് അതോറിറ്റി ശ്രമിക്കുന്നുണ്ട്. റെന്റ് എ കാർ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം. പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 2030 ഓടെ പത്തു കോടിയായി ഉയർത്താൻ വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ടൂറിസം മേഖലയിലെ വളർച്ചക്കനുസൃതമായി റെന്റ് എ കാർ മേഖല പരിവർത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഇൻഷുറൻസ് ഇനം, ഇൻഷുറൻസ് കവറേജ്, വാഹനം ഓടിക്കുന്നതിനുള്ള ഓതറൈസേഷൻ, കരാർ കാലാവധി അവസാനിക്കുമ്പോഴും അപകടങ്ങളുണ്ടാകുമ്പോഴും വാഹനം മോഷണം പോകുമ്പോഴും ഓതറൈസേഷൻ റദ്ദാക്കൽ എന്നിവയെല്ലാം പുതിയ ഏകീകൃത കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ രേഖകൾ പൂർണമല്ലാത്ത സാഹചര്യങ്ങളിൽ ഒഴികെ കാറുകൾ വാടകക്ക് നൽകുന്നതിന് വിസമ്മതിക്കാൻ പാടില്ലെന്ന് പുതിയ നിയമാവലി അനുശാസിക്കുന്നുണ്ട്. കരാറിന്റെ കോപ്പി വാടകക്കാരന് നൽകിയിരിക്കണം. വാഹനം നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ, അഭിഭാഷകരുടെ ഫീസുകൾ പോലെ, കരാറിൽ അനുശാസിക്കുന്നതല്ലാത്ത നിരക്കുകൾ ഈടാക്കാനും പാടില്ല. വീണുകിട്ടുന്ന വാടകക്കാരുടെ വസ്തുക്കൾ റെന്റ് എ കാർ സ്ഥാപനങ്ങൾ ഏറ്റവും അടുത്ത സുരക്ഷാ വകുപ്പ് ആസ്ഥാനത്തിന് കൈമാറി രേഖാമൂലം രജിസ്റ്റർ ചെയ്യണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നുണ്ടെന്ന് എൻജിനീയർ അദ്‌നാൻ അൽഉസ്മാൻ പറഞ്ഞു.