Sorry, you need to enable JavaScript to visit this website.

വയനാട്ടിലെ വിദ്യാർഥിനിയുടെ മരണം: സർക്കാരിനും  ഉത്തരവാദിത്തമുണ്ടെന്ന് കാനം

മലപ്പുറം- വയനാട്ടിൽ സർവജന സ്‌കൂൾ വിദ്യാർഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പി.ടി.എ മാത്രമാണ് കുറ്റക്കാരെന്ന് പറയാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗവൺമെന്റിനും വിദ്യാഭ്യാസ വകുപ്പിനുമാണ് ഉത്തരവാദിത്തം. 
വളരെയേറെ നിർഭാഗ്യകരവും സമൂഹമനസാക്ഷിയെ വേദനിപ്പിക്കുന്നതുമാണ് കുട്ടിയുടെ മരണം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ സർക്കാർ ഏറെ മുന്നേറിയ സാഹചര്യത്തിൽ വയനാട്ടിലെ സ്‌കൂളിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ മുൻനിർത്തി ഒരു സാമാന്യവൽക്കരണം നടത്തുന്നത് ശരിയല്ല. 
പൊതുവിദ്യാലയങ്ങൾക്കെതിരെ രംഗത്തുവരുന്നവർ നാലുലക്ഷത്തോളം വിദ്യാർഥികളാണ് അൺഎയ്ഡ് സ്‌കൂളുകൾ വിട്ട് പൊതുവിദ്യാലയങ്ങളിലെക്കെത്തിയതെന്ന് ഓർക്കണം. സർവജന സ്‌കൂൾ വിദ്യാർഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഗവൺമെന്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും കാനം വ്യക്തമാക്കി. 
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ല. അവരെ കൊന്നൊടുക്കികൊണ്ട് ഒരു പരിഹാരം സാധ്യമാണെന്ന് സി.പി.എമ്മിനും അഭിപ്രായമില്ല. മാവോയിസ്റ്റുകൾ വർഗ ശത്രുക്കളല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വ്യാജ ഏറ്റുമുുണ്ടലുകളുണ്ടാക്കി മാവോയിസ്റ്റുകളെ ഇല്ലായ്മ ചെയ്യുക എന്ന കേന്ദ്ര സർക്കാരിന്റെ നയം കേരള സർക്കാരിനില്ല. മാവോയിസ്റ്റുകൾ ഒരു സാമൂഹിക പ്രശ്‌നമാണ്. അതിന് പരിഹാരം ഉണ്ടാക്കേണ്ടത് വെടുയുണ്ട കൊണ്ടല്ലെന്നും രാഷ്ട്രീയപരമായാണെന്നും കാനം പറഞ്ഞു. സി.പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി.സുനീർ, മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News