മലപ്പുറം - സംസ്ഥാനത്ത് അടുത്ത മൂന്നു മാസത്തിനുള്ളിൽ അമ്പതിനായിരം പുതിയ പട്ടയങ്ങൾ അനുവദിക്കുമെന്ന് റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനവും സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെയും തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂനലിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തിരൂരങ്ങാടി-കൊണ്ടോട്ടി താലൂക്കുകൾക്കായി പുതുതായി നിലവിൽ വന്ന തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂനൽ ഓഫീസ് മുഖേന ഇക്കാലയളവിൽ 5,000 പട്ടയങ്ങൾ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ ഒരു ലക്ഷത്തി പതിനൊന്നായിരം കുടുംബങ്ങൾക്ക് പട്ടയം നൽകാനായെന്നും മന്ത്രി വ്യക്തമാക്കി. അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകാൻ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നതാണ് സർക്കാർ നയം. തിരൂരങ്ങാടി ഉൾപ്പെടെയുള്ള വില്ലേജുകളുടെ വിഭജന കാര്യത്തിൽ അനുയോജ്യമായ സാഹചര്യത്തിൽ സാധ്യത പരിശോധിക്കും.
വർഷങ്ങളായി ഭൂമി കൈവശം വെച്ചു വരുന്നവർക്ക് സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പട്ടയം വൈകിപ്പിക്കരുതെന്ന് മന്ത്രി പറഞ്ഞു.
ലാൻഡ് ട്രൈബ്യൂനലിന്റെ പരിഗണനയിലുണ്ടായിരുന്ന കേസുകൾ അടിയന്തരമായി തീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവെന്നും അതേ സമീപനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഭൂമി സർക്കാർ ആവശ്യങ്ങൾക്ക് തന്നെ ലഭ്യമാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കും. ഇത്തരം കാര്യങ്ങളിൽ നടപടികൾ നിയമാനുസൃതമായി തന്നെ സ്വീകരിച്ചാൽ വേഗത്തിൽ തീരുമാനമെടുക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
പി.കെ.അബ്ദുറബ്ബ് എം.എൽ.എ അധ്യക്ഷനായി. എ.ഡി.എം എൻ.എം.മെഹറലി റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ മാരായ പി.അബ്ദുൽ ഹമീദ്, ലാൻഡ് റവന്യൂ കമ്മീഷണർ സി.എ.ലത, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.അബ്ദുൽ കലാം, അബ്ദുൽ ഹഖ് ചാക്കീരി, നഗരസഭാ ചെയർപേഴ്സൺമാരായ കെ.ടി.റഹീദ, വി.വി.ജമീല ടീച്ചർ, നഗരസഭ വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻ കുട്ടി, തിരൂർ ആർ.ഡി.ഒ പി.അബ്ദു സമദ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കലക്ടർ ജാഫർ മലിക് സ്വാഗതവും തിരൂരങ്ങാടി തഹസിൽദാർ എം.എസ്.ഷാജു നന്ദിയും പറഞ്ഞു.
സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷനിലെ താഴത്തെ നില നവീകരിച്ച് താലൂക്ക് ഓഫീസിനായി സജ്ജീകരിച്ചത്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി വിനിയോഗിച്ചായിരുന്നു സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെ നിർമാണം. തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂനൽ ഓഫീസ് സർക്കാർ പുതുതായി അനുവദിച്ചവയിൽ സംസ്ഥാനത്ത് ആറാമത്തേതും ജില്ലയിൽ മൂന്നാമത്തേതുമാണ്.