ആലപ്പുഴ - പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ലെന്ന് ആലപ്പുഴയിൽ നടന്ന (കേരള പുലയർ മഹാസഭ) കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനിച്ചു.
ശബരിമലയിൽ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ തള്ളിപ്പറയുന്ന നിലയിലാണ് ഇപ്പോൾ സർക്കാറും സി.പി.എമ്മും. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കണക്കിലെടുത്ത് ഇപ്പോൾ നിലപാടുകളിൽ വെള്ളം ചേർക്കുകയാണ്. ഇത് കെ പി എം എസ് അംഗീകരിക്കില്ല.
സംഘടനാ നിലപാടും നിലവിലുണ്ടായിട്ടുള്ള ആശങ്കകളും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താൻ സെക്രട്ടറിയേറ്റിലെ മൂന്നംഗ സമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി. നിയമ പരിരക്ഷയുണ്ടായിട്ടും ഭരണഘടനയുടെ സമത്വ ദർശനം എന്ന ആശയത്തെ തിരസ്‌കരിക്കുന്ന കേരളത്തിന്റെ ബോധമണ്ഡലത്തിൽ വിപുലമായ ആശയ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കൗൺസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ആനുകാലിക വിശ്വാസ ധാര യുക്തിസഹവും മാനവികവും സമകാലിക ജീവിത സാഹചര്യങ്ങളെ സർഗാത്മകമായമായി അഭിസംബോധന ചെയ്യാൻ പ്രാപ്തവുമാണോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യക്ഷമമായ പ്രവർത്തനത്തിനും കാലതാമസം ഒഴിവാക്കുന്നതിനും വേണ്ടി സംഘടനയുടെ നിലവിലുള്ള ജില്ലാ ഘടകം ഒഴിവാക്കുന്നതിനുള്ള നിർദേശത്തിന് കൗൺസിൽ അംഗീകാരം നൽകി.
നവോത്ഥാന സമിതിയെ തള്ളിപ്പറയുന്ന തരത്തിൽ പ്രതികരിച്ച യു പ്രതിഭാ എം.എൽ.എക്കെതിരേയും രൂക്ഷ വിമർശനം ഉയർന്നു. സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൽ.രമേശൻ, പി.ജനാർദനൻ, പി.കെ. രാജൻ, ബൈജു കലാശാല, ആലംകോട് സുരേന്ദ്രൻ, പി.വി.ബാബു, സാബു കരിശ്ശേരി ദേവരാജ് പാറശ്ശാല, സുനന്ദ രാജൻ, പ്രശോഭ് ഞാവേലി, കെ.ലാൽകുമാർ, ടി.ജി. ഗോപി തുടങ്ങിയവർ സംസാരിച്ചു.