ദുബായ് - കനത്ത മഴ യു.എ.ഇയിലെ ജനജീവിതം സ്തംഭിപ്പിച്ചു. മഴക്കെടുതി ശക്തം. വെള്ളിയാഴ്ചയും മഴ തുടര്‍ന്നെങ്കിലും അത്ര ശക്തമായില്ല. നല്ല തണുപ്പുമുണ്ട്. അസ്ഥിര കാലാവസ്ഥ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
ബുധനാഴ്ചത്തെ മഴയില്‍ വടക്കന്‍ എമിറേറ്റുകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്കുണ്ടായി.
ഷാര്‍ജയില്‍ 80 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൈസലൂണ്‍, മുസല്ല മേഖലകളിലെ പഴയ കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നുവീണു.
ഉമ്മുല്‍ഖുവൈനില്‍ ചില റോഡുകള്‍ അടച്ചിട്ടു. അജ്മാനില്‍ ചില കെട്ടിടങ്ങളുടെ മേല്‍ക്കൂര തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. റാസല്‍ഖൈമയിലെ പര്‍വതമേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. കടപുഴകിയ മരങ്ങള്‍ വെട്ടിനീക്കി. കേടായ ട്രാഫിക് സിഗ്‌നലുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.