കല്‍പറ്റ-അന്തരിച്ച ബ്രിട്ടീഷ് പൗരന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയില്‍ മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജിലുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
വാന്‍ ഇംഗനില്‍നിന്നു വളര്‍ത്തുപുത്രന്‍ എന്നവകാശപ്പെടുന്ന മൈസൂരു സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ തട്ടിയെടുത്ത മറ്റു സ്വത്തുക്കള്‍ക്കൊപ്പാണ് 211 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്റ്റേറ്റും കണ്ടുകെട്ടിയത്. വാന്‍ ഇംഗന്‍ മൈസൂരുവില്‍ രാജഭരണകാലത്തു സമ്പാദിച്ചതാണ് സ്വത്തുക്കള്‍. ഏകദേശം 117 കോടി രൂപയാണ് സ്വത്തുക്കളുടെ മുല്യം.
വാന്‍ ഇംഗനും സഹോദരങ്ങളായ ഒലിവര്‍ ഫിനെസ് മോറിസ്, ജോണ്‍ ഡെ വെറ്റ് ഇംഗന്‍ എന്നിവര്‍ക്കും അവകാശപ്പെട്ടതായിരുന്നു ആലത്തൂര്‍ എസ്റ്റേറ്റ്. ഇതില്‍ മോറിസ് ഓഹരി മറ്റു രണ്ടു പേര്‍ക്കുമായി കൈമാറി. ജോണിന്റെ മരണശേഷമാണ് എസ്റ്റേറ്റ് പൂര്‍ണമായും ജൂബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായത്.
ആലത്തൂര്‍ എസ്റ്റേറ്റില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ വാന്‍ ഇംഗന്‍ 2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് വിറ്റിരുന്നു. ബാക്കി ഭൂമിയാണ് അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇംഗന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലായത്. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 267/2006 നമ്പര്‍ ദാനാധാരം അനുസരിച്ചായിരുന്നു ഇത്. ഈശ്വര്‍ വ്യാജ രേഖകള്‍ ചമച്ച് ആലത്തൂര്‍ എസ്റ്റേറ്റും മൈസൂരുവില്‍ വാന്‍ ഇംഗനുണ്ടായിരുന്നു സ്വത്തുക്കളും തട്ടിയെടുക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു.
1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ച് ആലത്തൂര്‍ എസ്‌റ്റേറ്റ് കേരള സര്‍ക്കാരിന്റെ ഭൂമിയായി പ്രഖ്യാപിച്ച് 2018 ഏപ്രിലില്‍ അന്നത്തെ വയനാട് കലക്ടര്‍ എസ്.സുഹാസ് ഉത്തരവായിരുന്നു. ഇതിനെതിരെ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറും വാന്‍ ഇംഗന്റെ കുടുംബാംഗമെന്ന് പറയുന്ന ബ്രിട്ടീഷ് വനിത മെറ്റില്‍ഡ റോസ്മണ്ട് ഗിഫോര്‍ഡും നടത്തിയ വ്യവഹാരം പരാജയപ്പെടുകയാണുണ്ടായത്.
അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്റെ സ്വത്ത് രാജ്യത്തെ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതിനു മാനന്തവാടി സബ്കലക്ടര്‍ 2013 സെപ്റ്റംബര്‍ ഒമ്പതിനു ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ദി ജനറല്‍ ക്ലോസസ് ആക്ട്, ദി ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ട്, ദി ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട്, ദി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, ദി ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, റിസര്‍വ് ബാങ്ക് സര്‍ക്കുലറുകള്‍, ഇംഗ്ലണ്ടിലെ ദത്തെടുപ്പു നിയമങ്ങള്‍ എന്നിവയും പരിശോധിച്ചാണ് ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണെന്നു കലക്ടര്‍ കണ്ടെത്തിയത്. ആലത്തൂര്‍ എസ്റ്റേറ്റ് പൂര്‍ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതിയിലാക്കുന്നതിനു നടപടികള്‍ ഇഴയുന്നതിനിടെയാണ് എന്‍ഫോഴസ്‌മൊന്റ് ഡയറക്ടറേറ്റിന്റെ നടപടി. കണ്ടുകെട്ടിയതില്‍ മൈസൂരുവില്‍ വാന്‍ ഇംഗനുണ്ടായിരുന്ന വീടും അതിലെ സാമഗ്രികളും ഉള്‍പ്പെടും.