കൊച്ചി- കോഴിക്കോട്ട് പിടിയിലായ മാവോയിസ്റ്റ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. യു.എ.പി.എ കേസുകളില്‍ പ്രതികളുടെ ജാമ്യാപേക്ഷകളിലെ സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ കോടതിക്ക് കൈമാറി. യു.എ.പി.എ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കില്‍ ജാമ്യം നിഷേധിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികളില്‍നിന്ന് പിടികൂടിയ നോട്ട് ബുക്കില്‍ കോഡ് ഭാഷ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പിടികൂടിയ പെന്‍ഡ്രൈവ് പരിശോധിക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. കേസിലെ മൂന്നാം പ്രതി ഉസ്മാനെതിരെ പത്തു കേസുകള്‍ ഉണ്ടെന്നും ഇയാളെ പിടികിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പത്തില്‍ അഞ്ച് കേസുകള്‍ യു.എ.പി.എ പ്രകാരമാണ്. മറ്റ് അഞ്ച് കേസുകള്‍ ഗുരുതര സ്വഭാവമുള്ളതാണ്. മൂന്നാം പ്രതിയെക്കുറിച്ചുള്ള പരാമര്‍ശം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജിക്കാര്‍ പരാമര്‍ശിക്കുന്ന ശ്യാം ബാലകൃഷ്ണന്‍ കേസുമായി വിദ്യാര്‍ഥികളുടെ കേസിന് ബന്ധമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷകള്‍ വിധി പറയാന്‍ കോടതി മാറ്റി.