Sorry, you need to enable JavaScript to visit this website.

കാക്കിക്കുള്ളിലുണ്ട് നല്ല കൃഷിക്കാര്‍, ഹരിത കമ്പളം പുതച്ച് കോട്ടയം എസ്.പി ഓഫീസ്


കോട്ടയം- പോലീസ് മുറ്റത്തും പച്ചക്കറി. വിവാദങ്ങളില്‍ പോലീസ്് കുരുങ്ങുമ്പോഴാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ മുറ്റത്ത്് പ്രതീക്ഷയുടെ ഹരിത കമ്പളം.

ഹരിത സമൃദ്ധിയുടെ നിറക്കാഴ്ചകളാണ് ഇപ്പോള്‍ എസ്.പി ഓഫീസില്‍ എത്തുന്നവരെ വരവേല്‍ക്കുന്നത്. നടപ്പാതയുടെ വശങ്ങള്‍ ഉള്‍പ്പെടെ ഓഫീസ് പരിസരത്തിന്റെ ഭൂരിഭാഗവും ജൈവ കൃഷിക്കായി മാറ്റിവെച്ചിരിക്കുന്നു. വെണ്ടയും ചീരയും വഴുതിനയും കാബേജുമൊക്കെ ഇവിടെ തഴച്ചുവളരുന്നു.

ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളില്‍ ഹരിത കേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും നഗരസഭയുടെയും സഹകരണത്തോടെയാണ് ഉദ്യോഗസ്ഥര്‍ സജീവമായിരിക്കുന്നത്.

ജൈവ പച്ചക്കറിത്തോട്ടത്തില്‍ രാവിലെയും വൈകുന്നേരവും ഒഴിവു സമയത്താണ് ഇവര്‍ ജോലി ചെയ്യുന്നത്. കൃത്യമായി കള പറിച്ചും പന്തല്‍ കെട്ടിയും വെള്ളം നനച്ചും ചെടികള്‍ സംരക്ഷിക്കുന്നു. കൃഷി വകുപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫാമിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചിലവിട്ടാണ് ഇവിടെ ജൈവ കൃഷിക്ക് തുടക്കം കുറിച്ചത്.

ഓടുകള്‍ അതിരു പാകിയ കെട്ടിനുളളില്‍ മണ്ണ് നിറച്ചാണ് ചെടികള്‍ നട്ടിരിക്കുന്നത്.  നാമ്പിട്ടു തുടങ്ങിയതും വിളവെടുപ്പിനു പാകമായതുമായ 25 ഓളം പച്ചക്കറിയിനങ്ങള്‍ ഇവിടുത്തെ കാര്‍ഷിക സമൃദ്ധിക്ക് മാറ്റുകൂട്ടുന്നു. മഴ മറയ്ക്കുള്ളില്‍ ഗ്രോ ബാഗിലും വിവിധയിനം  തൈകളുണ്ട്.  വിളവെടുക്കുന്ന പച്ചക്കറികള്‍ ജീവനക്കാര്‍ക്കിടയില്‍തന്നെ ലേലം ചെയ്യുകയാണ്. ആദ്യഘട്ട വിളവെടുപ്പിനുശേഷം രണ്ടാം ഘട്ട കൃഷി ആരംഭിച്ചിട്ടുണ്ട്.
 
ശുചിത്വ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ രണ്ടര ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റും ഓഫീസ് പരിസരത്ത് സജ്ജമാക്കിക്കഴിഞ്ഞു. ഭാവിയില്‍ കൃഷിക്കാവശ്യമായ ജൈവവളം ഈ പ്ലാന്റില്‍ നിന്നും ലഭിക്കും.

ഓഫീസിനുള്ളില്‍ വരാന്തയിലും ജീവനക്കാരുടെ മേശകളിലുമൊക്കെ വിവിധയിനം ചെടികള്‍ ഇടംപിടിച്ചിരിക്കുന്നു. മേശപ്പുറത്ത് ചെടികള്‍ വയ്ക്കുന്നതിനായി ഉപയോഗശൂന്യമായ നൂറിലധികം  കുപ്പികള്‍ അലങ്കരിച്ചൊരുക്കിയത് കോട്ടയം സി.എം.എസ്. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് അംഗങ്ങളാണ്. ഹരിത കേരളം പ്രവര്‍ത്തനങ്ങളില്‍ പോലീസുകാര്‍ക്കും സജീവ പങ്കാളികളാകാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവും സഹപ്രവര്‍ത്തകരും ഇതോടെ.

 

 

Latest News