ദുബായ്- യു.എ.ഇയിലെ ഫുജൈറയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഏഴു മക്കള്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് എമിറാത്തി മാതാവിനെതിരായ കേസ് ദിബ അല്‍ ഫുജൈറ കോടതി തള്ളി. 2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
കുട്ടികളുടെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു എന്നതായിരുന്നു നാല്‍പതുകാരിയായ സലീമ അല്‍ സുരൈദി എന്ന സ്ത്രീക്കെതിരായ കുറ്റം. മാതാവ് കുട്ടികളെ മുറിയില്‍ പൂട്ടിയതു കൊണ്ടാണ് തീപിടിത്തം ഉണ്ടായപ്പോള്‍ ഇവര്‍ ശ്വാസംമുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. 2014 ല്‍ ഇവരുടെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിതനായി മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടികളെ വളര്‍ത്തിയത് യുവതി തനിച്ചാണ്.
ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് വീടിന് തീപിടിക്കുകയായിരുന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാല്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. പുലര്‍ച്ചെ 4.50ന് ആണ് തീപിടിത്തവും പുകയും ഉയര്‍ന്നത്. അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ള നാലു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ദാരുണമായി മരിച്ചത്.