അബുദാബി- മൂന്ന് കിലോ മയക്കുമരുന്നുമായി ഏഷ്യക്കാരനായ യുവാവിനെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. ഹെറോയിന്‍ ഉപയോഗം വിതരണം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയെക്കുറിച്ചു ലഭിച്ച സംശയാസ്പദമായ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തൊണ്ടി സഹിതം പ്രതിയെ പിടികൂടാനായതെന്ന് അബുദാബി പൊലീസ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു. ഏറ്റവും അപകടകരമായ ഇനത്തില്‍ പെട്ട മയക്കുമരുന്നാണു പിടിച്ചെടുത്തതെന്നും അബുദാബിയില്‍ ഹെറോയിന്‍ കാപ്സ്യൂളുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
പിടിയിലാവുമ്പോള്‍ കാല്‍ കിലോഗ്രാമോളം മയക്കുമരുന്നു ഗുളികകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇവീട്ടില്‍ നടത്തിയ പരിശോധനയിലാണു ബാക്കി മയക്കുമരുന്നു കണ്ടെത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറിച്ചും വിതരണം ചെയ്യുന്നവരെ കുറിച്ചും പ്രോത്സാഹിപ്പിക്കുന്നവരെ കുറിച്ചും എന്തെങ്കിലും സൂചന ലഭിച്ചാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അല്‍ ദാഹിരി പൊതുജങ്ങളെ ഉണര്‍ത്തി. സമൂഹത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. മയക്കുമരുന്ന് ഉപയോഗവും വിനിമയവും നിര്‍മാര്‍ജനം ചെയ്യുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനും പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അബുദാബി പോലീസിന്റെ ഓപ്പറേഷന്‍ ഫാല്‍കണ്‍ ഐ മയക്കുമരുന്ന് വിതരണം ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.