കണ്ണൂർ- രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സേനകൾ സജ്ജമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏഴിമല നാവിക അക്കാദമിയിൽ പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
പരമ്പരാഗതമായും അല്ലാതെയുള്ള പല വെല്ലുവിളികളേയും രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ സേനയെ വാർത്തെടുക്കുക എന്ന മഹത്തായ കർമ്മമാണ് നാവിക അക്കാദമി പോലുള്ള സ്ഥാപനങ്ങൾ ചെയ്യുന്നത്. ഇത് സാങ്കേതികതയുടെയും വിവര സാങ്കേതികതയുടെയും കാലമാണ്. വരാനിരിക്കുന്ന യുദ്ധങ്ങൾ ഇവ രണ്ടിനേയും അടിസ്ഥാനമാക്കിയാവും. അതിനാൽ ഏത് വെല്ലുവിളികളേയും നേരിടാൻ കഴിയുന്ന വിധത്തിൽ പരിശീലനത്തിൽ ആധുനിക സാങ്കേതികതയുടെ പിൻബലം ഉണ്ടാവണം- രാഷ്ട്രപതി പറഞ്ഞു.
ദീർഘമായ കടൽത്തീരമുളള ഒരു രാജ്യമെന്ന നിലയിൽ സമുദ്ര സുരക്ഷക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ നേവിയുടെ പ്രാധാന്യം വളരെ വലുതാണ്. രാജ്യത്തിന്റെ സാമ്പത്തിക,സാമൂഹിക വളർച്ചക്കൊപ്പം ജനങ്ങളുടെ സുരക്ഷക്കുകൂടി വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. രാജ്യത്തിലെ പല ദ്വീപസമൂഹങ്ങളും അതിരുകളായി നിലകൊള്ളുന്നവയാണ്. അതിനാൽ സമുദ്ര സുരക്ഷയുടെ പ്രാധാന്യം വലുതാണ്. പ്രകൃതിദുരന്തങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ, നയതന്ത്ര പ്രശ്‌നങ്ങൾ തുടങ്ങി പല കാര്യങ്ങളിലും സേനകളുടെ ഇടപെടലുകൾ ആവശ്യമായിവരും. അതിനാൽ എല്ലാ അർഥത്തിലും സുസജ്ജമാവണം സേനകളെന്ന് രാഷ്ട്രപതി പറഞ്ഞു.
നേവൽ അക്കാദമിക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം നൽകുന്നതിൽ ഏറെ അഭിമാനമുണ്ട്. ഇന്നിവിടെ നടന്ന കാഡറ്റുകളുടെ പരേഡ്, ഈ സ്ഥാപനത്തിൽ നിന്നു നൽകുന്ന പരിശീലനത്തിന്റെ മൂല്യം വിളിച്ചോതുന്നു. കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രചോദനമാട്ടെ ഈ പുരസ്‌കാരമെന്നും രാഷ്ട്രപതി ആശംസിച്ചു.