Sorry, you need to enable JavaScript to visit this website.

തലസ്ഥാന സംഘർഷം; അസാധാരണ നടപടികളുമായി ഗവർണർ, മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തി

തിരുവനന്തപുരം- തലസ്ഥാനത്ത് അക്രമരാഷ്ട്രീയം പടരുന്നതിനിടെ അസാധാരണ നടപടികളുമായി ഗവർണർ. മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും ഗവർണർ പി.സദാശിവം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. കുറ്റവാളികളെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഗവർണർ അറിയിച്ചു. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ മുഖ്യമന്ത്രിയിൽനിന്ന് വിശദീകരണം തേടുകയാണ് ഗവർണർ ചെയ്യുക. 
ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതക കേസിലെ പ്രതികളെ പിടികൂടിയതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനുമായും ആർ.എസ്.എസ് മേധാവിയുമായും സംസാരിച്ചതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള സഹായം മുഖ്യമന്ത്രി തേടി. 
ക്രമസമാധാന നിലയെ പറ്റി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചതായി ഗവർണർ വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്തെ ക്രമസമാധാന നിലയെ പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചതായും ഗവർണർ അറിയിച്ചു.

p-sathasivam-and-loknath-behera
നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. കേസിൽ മുഴുവൻ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്‌നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Latest News