റിയാദ് - റിയാദ് സീസൺ പരിപാടിയുടെ ഭാഗമായ അമ്യൂസ്‌മെന്റ് പാർക്കിലെ കളിയുപകരണങ്ങളിൽ ഒന്നിൽ നിന്ന് നിലത്തു വീണ് ബാലന് പരിക്കേറ്റതായി വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ നിയമ നടപടികൾ സ്വകീരിക്കുന്നതിന് ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് നിർദേശം നൽകി.
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് യുവാവ് വിന്റർ വണ്ടർലാന്റിലെ കളിയുപകരണത്തിൽനിന്ന് വീണ് ബാലന് പരിക്കേറ്റതായും ബാലനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കിയതായും അറിയിച്ചത്.
യുവാവിന്റെ വീഡിയോ പങ്കു വെച്ചുകൊണ്ട് ഈ വാർത്ത ശരിയല്ലെന്ന് തുർക്കി ആലുശൈഖ് ട്വീറ്റ് ചെയ്തു. കള്ളം പറയുകയും അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച യുവാവ് പിന്നീട് ക്ഷമാപണം നടത്തി രംഗത്തെത്തി.