അൽബാഹ - അൽബാഹ പ്രവിശ്യയെയും പ്രവിശ്യ നിവാസികളെയും സാമൂഹിക മാധ്യങ്ങളിലൂടെ പരിഹസിച്ച സ്‌നാപ് ചാറ്റ് താരത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി അൽബാഹ ഗവർണറേറ്റ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതിന് അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ നിർദേശം നൽകിയിരുന്നു.
പ്രവിശ്യാ നിവാസികളുടെ അഭിമാനത്തിന് ക്ഷതമേൽപിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന എല്ലാവിധ പ്രവർത്തനങ്ങളും ചെറുക്കുന്നതിന് ഗവർണർ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗവർണറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അൽബാഹ നിവാസികളുടെ ആചാരത്തെയും പാരമ്പര്യങ്ങളെയും അപകീർത്തിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതിന് ഗവർണർ സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകുകയായിരുന്നു.