റിയാദ് - കഴിഞ്ഞ വ്യാഴാഴ്ച പതിനാലു മണിക്കൂർ നീണ്ട അതിസങ്കീർണമായ ഓപറേഷനിലൂടെ വിജയകരമായി വേർപെടുത്തിയ ലിബിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യ നില ഭദ്രമാണെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണമാണ് അഹ്മദിനെയും മുഹമ്മദിനെയും മാതാപിതാക്കൾക്കൊപ്പം ലിബിയയിൽനിന്ന് തുനീഷ്യ വഴി റിയാദിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത്.
അഹ്മദിന്റെ ആരോഗ്യനില ഭദ്രമാവുകയും ബോധം തെളിയുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. കുട്ടിയെ വെന്റിലേറ്ററിൽനിന്ന് മാറ്റിയിട്ടുണ്ട്.
രണ്ടു ദിവസത്തിനകം കുഞ്ഞ് സ്വാഭാവിക രീതിയിൽ മുലപ്പാൽ കുടിച്ച് തുടങ്ങും. മുഹമ്മദിന്റെ ആരോഗ്യ നിലയും ഭദ്രമായിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കുഞ്ഞിനെ വെന്റിലേറ്ററിൽനിന്ന് മാറ്റും. ശിശു തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടികളെ തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യ നിലയെക്കുറിച്ച് മാതാപിതാക്കൾക്ക് മെഡിക്കൽ സംഘം തുടർച്ചയായി വിവരം നൽകുന്നുണ്ടെന്നും ഡോ. അബദുല്ല അൽറബീഅ പറഞ്ഞു.