മക്ക - വിശുദ്ധ ഹറമിലെ മൂന്നാമത് സൗദി വികസന പദ്ധതിയുടെ പുരോഗതി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു. ബാബ് അൽഉംറ, ബാബ് ഇസ്മായിൽ എന്നിവിടങ്ങളിലെ ജോലികളുടെ പുരോഗതി ഡെപ്യൂട്ടി ഗവർണർ വിലയിരുത്തി. ബാബ് ഇസ്മായിലിലെ ജോലികൾ ഹജിനു മുമ്പ് പൂർത്തിയാകും.
ഹറമിലെ പഴയ ഇടനാഴിയിലും തെക്കു ഭാഗത്ത് മുകബരിയയിലും നടത്തുന്ന വികസന പദ്ധതികളും മതാഫിലെ ആർച്ച് നിർമാണ ജോലിയും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. ഈ ജോലികൾ അടുത്ത റമദാനു മുമ്പായി പൂർത്തിയാകും. പതിനാലു ആർച്ചുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
മതാഫിൽ ആകെ 38 ആർച്ചുകളാണ് നിർമിക്കുന്നത്. ഇവയുടെ നിർമാണവും റമദാനു മുമ്പായി പൂർത്തിയാകും. അയ്യായിരത്തോളം തൊഴിലാളികളാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. വികസന ജോലികളുടെ പുരോഗതിയെക്കുറിച്ചും മറ്റും മുതിർന്ന ഉദ്യോഗസ്ഥരോടും എൻജിനീയർമാരോടും ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ അന്വേഷിച്ചറിഞ്ഞു.