- അറാംകോ ആക്രമണത്തെ വിവേകത്തോടെ നേരിട്ടു
- ഇറാൻ വിവേകത്തിന്റെ പാത തെരഞ്ഞെടുക്കണം
റിയാദ് - സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. ഏഴാമത് ശൂറാ കൗൺസിലിന്റെ നാലാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വിവേകത്തോടെയാണ് പ്രശ്‌നങ്ങളെ നേരിടുന്നതെന്നും രാജാവ് വ്യക്തമാക്കിയത്.
286 ബാലിസ്റ്റിക് മിസൈലുകളും 289 ഡ്രോണുകളും ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ ആക്രമണങ്ങളുണ്ടായി. ഇത് വികസന പ്രയാണത്തെയോ സൗദി പൗരന്മാരുടെയോ വിദേശികളുടെയോ ജീവിതത്തെയോ ബാധിച്ചില്ല. ഇതിന്റെ ക്രെഡിറ്റ് സുരക്ഷാ വകുപ്പുകൾക്കാണ്. ത്യാഗത്തിന്റെ മികച്ച മാതൃകകൾ സൃഷ്ടിച്ച് വീരമൃത്യു വരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സുരക്ഷാ ഭടന്മാരെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു. സുരക്ഷാ സൈനികരുടെ കുടുംബങ്ങളുടെ കാര്യം എക്കാലവും രാഷ്ട്രം പ്രത്യേകം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യും.
ദശകങ്ങളായി ഇറാൻ അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ഭീകരത സ്‌പോൺസർ ചെയ്യുകയുമാണ്. ഇറാന്റെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും കെടുതികൾ സൗദി അറേബ്യയും ലോകത്തെ നിരവധി രാജ്യങ്ങളും അനുഭവിച്ചിട്ടുണ്ട്. സൗദി അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിലും എണ്ണക്കപ്പലുകളും ചരക്കു കപ്പലുകളും ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളിലും ഇറാന് പങ്കുണ്ട്. ഭീരുത്വമാർന്ന ഇത്തരം പ്രവർത്തനങ്ങളെ പതിവുപോലെ വിവേകത്തോടെയാണ് സൗദി അറേബ്യ നേരിട്ടത്. ഇക്കാര്യത്തിൽ സഖ്യ രാജ്യങ്ങളുടെയും സൗഹൃദ രാജ്യങ്ങളുടെയും നിലപാടുകളെ സൗദി അറേബ്യ ഏറെ വിലമതിക്കുന്നു.
സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഏതു ആക്രമണങ്ങൾക്കുമെതിരെ ജനങ്ങൾക്കു വേണ്ടി നിശ്ചയദാർഢ്യത്തോടെ പ്രതിരോധം തീർക്കുന്നതിന് രാജ്യം പൂർണ സജ്ജമാണ്. ഇറാൻ ഭരണകൂടം വിവേകത്തിന്റെ പാത തെരഞ്ഞെടുക്കുമെന്നാണ് പ്രത്യാശിക്കുന്നത്.
വെല്ലുവിളികൾ നിശ്ചയദാർഢ്യത്തോടെ തരണം ചെയ്യുന്നതിനും പ്രതിസന്ധികളിലും വെല്ലുവിളികളിൽ നിന്നു വിജയികളായി പുറത്തു കടക്കുന്നതിനും എല്ലാ സാഹചര്യത്തിലും സാധിക്കുമെന്ന് കഴിഞ്ഞ മുന്നൂറു വർഷത്തിനിടെ രാഷ്ട്രം തെളിയിച്ചിട്ടുണ്ട്. ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് ഇറാൻ ആയുധങ്ങളാണ് ഉപയോഗിച്ചത്. ഈ ആക്രമണങ്ങൾ ഇറാൻ ഭരണകൂടത്തിന്റെ നൈരാശ്യത്തിന്റെ ആഴമാണ് തുറന്നുകാട്ടുന്നത്. റെക്കോർഡ് സമയത്തിനുള്ളിൽ എണ്ണ ഉൽപാദന ശേഷി പൂർണ തോതിൽ വീണ്ടെടുക്കുന്നതിൽ രാജ്യം വിജയിച്ചു. എണ്ണ വിതരണത്തിൽ കുറവുണ്ടാകുന്ന സാഹചര്യങ്ങളിൽ ഓർഡർ നിറവേറ്റുന്നതിന് സൗദി അറേബ്യക്ക് സാധിക്കുമെന്നും ആഗോള എണ്ണ സുരക്ഷയിൽ സൗദി അറേബ്യക്കുള്ള മുൻനിര പങ്കും ഇത് ലോകത്തിനു മുന്നിൽ തെൡയിച്ചു.
വലിയ വികസന നേട്ടങ്ങൾ കൈവരിച്ചത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. സർവശേഷിയോടെയും തീവ്രവാദത്തെ നേരിടുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും രാജ്യം വിജയം വരിച്ചത് അഭിമാനത്തിന് വക നൽകുന്നതായും സൽമാൻ രാജാവ് പറഞ്ഞു.