കൊച്ചി- വിമാനത്താവളത്തിലെ റണ്‍വെ നവീകരണ പദ്ധതി തുടങ്ങി.
മുന്‍ നിശ്ചയിച്ച പ്രകാരം ബുധനാഴ്ച രാവിലെ 10 ന് തന്നെ വിമാനത്താവള പ്രവര്‍ത്തനം നിര്‍ത്തുകയും വൈകീട്ട് ആറിന് തുറക്കുകയും ചെയ്തു.
റണ്‍വെ നവീകരണ പദ്ധതിയുടെ ആദ്യഘട്ടമായി ടാക്‌സി വേയും ടാക്‌സി വേ ലിങ്കുകളും പുനരുദ്ധരിക്കുന്ന ജോലികളാണ് ബുധനാഴ്ച തുടങ്ങിയത്. ഇവിടെയുള്ള വഴികാട്ടിലൈറ്റുകള്‍ മാറ്റിത്തുടങ്ങി. ടാക്‌സി ലിങ്കുകളുടെ പ്രതലത്തിലെ ടാറിങ് യന്ത്രസഹായത്തോടെ പൊളിക്കുന്ന മില്ലിങ് ജോലികളും തുടങ്ങിയിട്ടുണ്ട്. റണ്‍വെയില്‍ സിവില്‍ ജോലികള്‍ തുടങ്ങിയിട്ടില്ല. റണ്‍വെയില്‍ വൈദ്യുതി വയറിങ് സംവിധാനം പരിഷ്‌ക്കരിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമാവും റണ്‍വെയില്‍ ടാറിങ്, കോണ്‍ക്രീറ്റിങ് ജോലികള്‍ തുടങ്ങുക. റണ്‍വെയുടെ ഇരുവശവും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കല്ലുപാകിയ കാനകള്‍ (സ്റ്റോണ്‍ ഡ്രെയിന്‍) നവീകരിക്കുന്ന ജോലികളും സമാന്തരമായി തുടങ്ങിയിട്ടുണ്ട്.
എല്ലാ ഏജന്‍സികളുടേയും ഏകോപനം നേരത്തെ തന്നെ ഉറപ്പുവരുത്തിയതിനാല്‍ ടെര്‍മിനലില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വൈകീട്ട് ആറുമണിക്ക് ശേഷം പുറപ്പെടുന്ന വിമാന സര്‍വീസുകള്‍ക്കായുള്ള ഡൊമസ്റ്റിക് ചെക്-ഇന്‍ കൗണ്ടറുകള്‍ ഉച്ചയ്ക്ക് മുന്നുമണിയ്ക്കും ഇന്റര്‍നാഷണല്‍ ചെക്ക്-ഇന്‍ കൗണ്ടറുകള്‍ രണ്ടുമണിയ്ക്കും തുറന്നിട്ടുണ്ട്. വിമാന സര്‍വീസുകള്‍ ആദ്യദിനം തന്നെ പുതിയ സമയക്രമത്തിലേയ്ക്ക് മാറിയിട്ടുണ്ട്. കൊച്ചി-കൊളംബൊ ശ്രീലങ്കന്‍ എയര്‍വെയ്‌സ് (പുതിയ പുറപ്പെടല്‍ സമയം രാവിലെ 9.30), കൊച്ചി-ജിദ്ദ എയര്‍ ഇന്ത്യ (വൈകീട്ട് 6.05), കൊച്ചി-കുവൈത്ത്; കുവൈത്ത് എയര്‍വേയ്‌സ് (പുലര്‍ച്ചെ 2.10, രാവിലെ 8.35) എന്നിവയാണ് പുതിയ സമയക്രമത്തിലേയ്ക്ക് മാറിയ രാജ്യാന്തര സര്‍വീസുകള്‍. മറ്റ് രാജ്യാന്തര സര്‍വീസുകള്‍ നേരത്തെ തന്നെ വൈകീട്ട് ആറുമണിയ്ക്കും രാവിലെ പത്തിനും ഇടയ്ക്ക് പുറപ്പെടുന്നതിനാല്‍ റണ്‍വെ നവീകരണം അവയുടെ സമയപ്പട്ടികയെ ബാധിച്ചിട്ടില്ല.