മലപ്പുറം:-കോഡൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഹരിത ഗ്രാമമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിച്ച് പരിശീലനം നേടിയ ഹരിത കര്‍മസേനാംഗങ്ങളുടെ സഹകരണത്തോടെ തരം തിരിച്ച് സംസ്‌കരിക്കുന്നതിനാണ് പദ്ധതി. ഇതിനായി വടക്കേമണ്ണ നൂറാടിയില്‍ സംസ്‌കരണ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ലൈസന്‍സും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ശുചീകരണാവസ്ഥയും പരിശോധിച്ച്, അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാപാരികളുടെ സഹകരണത്തോടെ ചട്ടിപ്പറമ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനുള്ള കവറുകള്‍ പ്രദര്‍ശിപ്പിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.