റിയാദ് - വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച ലെവി ഇളവ് ചൂഷണം ചെയ്യുന്നത് തടയുമെന്ന് വ്യവസായ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ലെവി ഇളവ് നടപ്പാക്കിയതോടെ വ്യവസായ സ്ഥാപനങ്ങളുടെ പേരിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നിയന്ത്രിക്കും.
മാന്‍ പവര്‍ സപ്ലൈ കമ്പനികള്‍ക്കു കീഴിലെ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രയോജനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മാന്‍ പവര്‍ സപ്ലൈ കമ്പനി തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രയോജനം ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് തീരുമാനം ദീര്‍ഘിപ്പിക്കില്ല. വ്യവസായ മേഖലക്ക് പ്രത്യേകം അനുവദിച്ച ചില ആനുകൂല്യങ്ങള്‍ ദുരുപയോഗിക്കുന്നതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ശാലകള്‍ക്കുള്ള ഊര്‍ജ, വൈദ്യുതി നിരക്കുകള്‍ വൈകാതെ സ്ഥിരപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഈ വര്‍ഷാവസാനത്തിനു മുമ്പുണ്ടാകും. പ്രാദേശിക വ്യവസായ മേഖലക്ക് കരുത്തു പകരുന്നതിനും വിദേശ വിപണികളില്‍ സൗദി ഉല്‍പന്നങ്ങളുടെ മത്സര ശേഷി ഉയര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കും. വ്യവസായ ശാലകള്‍ക്കുള്ള ഊര്‍ജ, ഹൈഡ്രോകാര്‍ബണ്‍ നിരക്കുകള്‍ സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് പ്രത്യേക കമ്മിറ്റി പഠിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങളെ അഞ്ചു വര്‍ഷത്തേക്ക് ലെവിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള തീരുമാനം രണ്ടു മാസം മുമ്പാണ് മന്ത്രിസഭ കൈക്കൊണ്ടത്. കഴിഞ്ഞ മാസാദ്യം മുതല്‍ ഇത് നിലവില്‍ വന്നു. വ്യവസായ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
വ്യവസായ മേഖലയില്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തെ അടിയന്തര പോംവഴികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് ഉന്നതാധികൃതര്‍ തീരുമാനിച്ചത്.