വാഷിംഗ്ടണ്‍- സൗദിയില്‍ വിന്യസിക്കുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം അടുത്ത ആഴ്ചകളോടെ 3000 ആകും. ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് സൗദി അറേബ്യയെ സഹായിക്കാനാണ് അമേരിക്ക കൂടുതല്‍ സൈനികരെ അയക്കുന്നത്.
മേഖലയിലെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രകോപന നടപടികളില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കാനും നമ്മുടെ പങ്കാളികളെ സഹായിക്കാനാണ് സൈനിക വിന്യാസമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനപ്രതിനിധി സഭക്കയച്ച കത്തില്‍ വ്യക്തമാക്കി.
സൗദിയിലെ എണ്ണ സംവിധാനങ്ങള്‍ക്കുനേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും സൈന്യത്തെ അയക്കാനും പെന്റഗണ്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.