മസ്‌കത്ത് - ഒമാനോട് എവേ മത്സരത്തിലും തോറ്റതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. മസ്‌കത്തിൽ നടന്ന മത്സത്തിൽ 1-0 നാണ് ഒമാൻ വിജയിച്ചത്. 33-ാം മിനിറ്റിൽ മുഹ്‌സിൽ അൽ ഗസ്സാനിയായിരുന്നു സ്‌കോറർ.
സെപ്റ്റംബറിൽ ഗുവാഹതിയിൽ നടന്ന ഹോം മത്സരത്തിൽ ഇന്ത്യ 1-2 നാണ് ഒമാനോട് തോറ്റത്.
ഇന്നലത്തെ തോൽവിയോടെ അഞ്ച് കളികളിൽനിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ഇന്ത്യ ഇ ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് തുടരുന്നു. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച ലോകകപ്പ് ആതിഥേയരായ ഖത്തർ 13 പോന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റുള്ള ഒമാൻ രണ്ടാം സ്ഥാനത്തും.
ഒമാനേക്കാൾ ഒമ്പത് പോയന്റ് കുറവുള്ള ഇന്ത്യക്ക് യോഗ്യതാ റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക അസാധ്യം. പോയന്റിലെ ഈ അന്തരം ഇല്ലാതാവണമെങ്കിൽ യോഗ്യതാ റൗണ്ടിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിക്കുകയും, ഒമാൻ തോൽക്കുകയും വേണം.എന്നാൽ പോലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് നേരിട്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനാവില്ല. ചിലപ്പോൾ പ്ലേയോഫ് കളിക്കേണ്ടിവരും. ഖത്തർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമകളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.
എന്നാൽ 2023 ലെ ഏഷ്യൻ കപ്പിലേക്ക് യോഗ്യത പ്രതീക്ഷ ഇന്ത്യക്കുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടും ഇതുതന്നെയാണ്. എട്ട് ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനക്കാരും മൂന്നാം ഘട്ട യോഗ്യതാ റൗണ്ടിലേക്ക് മുന്നേറും.
മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് ടീമിനെ ഒരുക്കിയത്. മലയാളി താരം സഹദ് അബ്ദുൽ സമദ്, പ്രീതം കോട്ടാൽ, മന്ദർ റാവു ദേശായി എന്നിവർക്കുപകരം മൻവീർ സിംഗ്, ഫാറൂഖ് ചൗധരി, നിഷു കുമാർ എന്നിവരെ ഇറക്കി. ഒമാൻ തുടക്കം മുതൽ ആക്രമിച്ചുകയറിയപ്പോൾ, പ്രതിരോധിച്ച് നിൽക്കുകയായിരുന്നു ഇന്ത്യ. ഏഴാം മിനിറ്റിൽതന്നെ ഒമാന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത അൽ ഗസ്സാനിയുടെ ഷോട്ട് ബാറിനുമുകളിലൂടെ പറന്നുപോയി. പിന്നീടും നിരന്തരം ആക്രമിച്ച ഒമാൻ 33-ാം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു.