ദമാം- ജീവിത ക്രമത്തില്‍ വരുത്തിയ മാറ്റങ്ങളും രോഗത്തെ സംബന്ധിച്ച അബദ്ധ ധാരണകളുമാണ് കാന്‍സറിനെ മഹാമാരിയാക്കി വളര്‍ത്തിയതെന്ന് അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി, അല്‍മുന സ്‌കൂളിന്റെയും സഫ മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ 'കാന്‍സറിനെ അറിയുക, കാന്‍സറിനെ ഇല്ലാതാക്കുക' എന്ന സ്‌നേഹാര്‍ദ്രം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളി സാമ്പാറിനെയും അവിയലിനെയും പോലുള്ള നമ്മുടെ പാരമ്പര്യ ഭക്ഷണവിഭവങ്ങളെ ത്യജിച്ച് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന് പിന്നാലെ പോയതും പുകവലി, മദ്യപാനം പോലുള്ള സാമൂഹിക തിന്മകളുടെ വ്യാപനവും രാസ, പരിസ്ഥിതി മലിനീകരണങ്ങളുമെല്ലാം കാന്‍സര്‍ രോഗത്തിന്റെ വളര്‍ച്ചയേയും വ്യാപനത്തേയും പടര്‍ത്തിയ ഘടകങ്ങളാണ്. എന്നാല്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ അഭൂത പൂര്‍വമായ വളര്‍ച്ചയെ ഉപയോഗപ്പെടുത്തി രോഗം അറിഞ്ഞുള്ള ചികിത്സ വഴിയും കൃത്യമായ ബോധവല്‍ക്കരണങ്ങളിലൂടെയും പാരമ്പര്യ ജീവിത ക്രമങ്ങളിലേക്കുള്ള തിരിച്ച് പോക്ക് വഴിയും ഈ മഹാരോഗത്തിന്റെ വ്യാപനത്തെ തടയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍മുന സ്‌കൂള്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ. ടി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള ആശംസകളര്‍പ്പിച്ചു. ഖാദര്‍ ചെങ്കള, മുഹമ്മദ് കുട്ടി കോഡൂര്‍ എന്നിവര്‍ ചേര്‍ന്ന് ഡോ. വി.പി.ഗംഗാധരനുള്ള ഉപഹാരം കൈമാറി.