അബുദാബി- യു.എ.ഇ പ്രസിഡന്റിന്റെ പാര്‍ലമെന്റിലെ പ്രതിനിധിയും സഹോദരനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെയാണ് മോഡി അനുശോചനം അറിയിച്ചത്. തിങ്കളാഴ്ചയാണ് ശൈഖ് സുല്‍ത്താന്‍ അന്തരിച്ചത്.
നിര്യാണത്തെ തുടര്‍ന്ന് യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുകയാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
യു.എ.ഇയിലെങ്ങും ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും അനുശോചനം അറിയിച്ചു. യു.എ.ഇ പൗരന്മാരും നിരവധി പ്രവാസികളും സമൂഹ മാധ്യമങ്ങള്‍ വഴി ശൈഖ് സുല്‍ത്താന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.