ദുബായ്- യു.എ.ഇയില്‍ പരക്കെ മഴ. കൂടുതല്‍ ശക്തമായ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കി. ജബല്‍ ജൈസിലേക്കുള്ള റോഡ് അധികൃതര്‍ അടച്ചു. മഴ തുടങ്ങിയതോടെ റാസല്‍ഖൈമയിലെ മലകളില്‍നിന്നു വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങി.
ഗള്‍ഫിലെ ഇതര രാജ്യങ്ങളിലും മഴക്കാലമാണ്. ബഹ്‌റൈനില്‍ രാവിലെ മഴ പെയ്തു. ദോഹയിലും കുവൈത്തിലും ഇടിയോടെ നല്ല മഴ ലഭിച്ചു. സൗദിയുടെ ചില ഭാഗങ്ങളിലും മഴയുണ്ടായിരുന്നു.
ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. യു.എ.ഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ പലയിടങ്ങളിലും മഴയുണ്ടായി. ശക്തമായ കാറ്റുമുണ്ട്. ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇടിയോടെ മഴ ശക്തമായേക്കാം.
ഒമാനില്‍ 22 വരെ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇറാന്റെ തെക്കന്‍ മേഖലയില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണു കാരണം.
പര്‍വതങ്ങളുടെ പരിസരത്ത് താമസിക്കുന്നവരോടും വാഹനമോടിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ റാസല്‍ഖൈമ പോലീസ് ആവശ്യപ്പെട്ടു.