Sorry, you need to enable JavaScript to visit this website.

വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുന്ന മോഷണസംഘം റിയാദില്‍ പിടിയില്‍

റിയാദ് - നഗരത്തിൽ നിരവധി കവർച്ചകൾ നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും ആറു യെമനികളും അടങ്ങിയ സംഘമാണ് പിടിയിലായത്. യെമനികളിൽ ചിലർ ഇഖാമ, തൊഴിൽ നിയമ ലംഘകരാണ്.

പ്രതികളെല്ലാവരും ഇരുപതു മുതൽ മുപ്പതു വരെ വയസ്സ് പ്രായമുള്ളവരാണ്. വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് അകത്തു നിന്ന് വിലപിടിച്ച വസ്തുക്കൾ കവരുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായത്. സമാന രീതിയിൽ 21 കവർച്ചകൾ നടത്തിയതായി സംഘം സമ്മതിച്ചു.

പണവും മൊബൈൽ ഫോണുകളും വിലപിടിച്ച വസ്തുക്കളും അടക്കം 36,000 റിയാലിലേറെ വിലവരുന്ന വസ്തുക്കളാണ് സംഘം കവർന്നത്. 29 മൊബൈൽ ഫോണുകളും 49 ലഹരി ഗുളികകളും 13 വാച്ചുകളും 19 വാഹന ഭാഗങ്ങളും പ്രതികളുടെ പക്കൽ കണ്ടെത്തി. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു. 

 

Latest News