മക്ക - ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിന് മക്ക ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
മക്കയിൽ സൗദി പൗരൻ ഫാലിഹ് ബിൻ ഫഹൈദ് ബിൻ ഫാലിഹ് അൽഖഹ്താനിയുടെ ഉടമസ്ഥതയിലുള്ള ഫാലിഹ് അൽഖഹ്താനി ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ. സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്.
സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങൾ വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉപകരണങ്ങൾ വിൽപനക്ക് പ്രദർശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.