റിയാദ് - അഴിമതി, കൈക്കൂലി കേസിൽ മുതിർന്ന ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളും അടക്കം പതിനെട്ടു പേരെ കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇവർക്ക് ആകെ 55 വർഷത്തിലേറെ തടവും 40 ലക്ഷത്തിലേറെ റിയാൽ പിഴയുമാണ് ശിക്ഷ. മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്ത പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ 726 തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രതികൾക്ക് വിധിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
വ്യവസായിയിൽ നിന്ന് കൈക്കൂലി സ്വീകരിച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും അഴിമതി നടത്തുകയും വ്യാജ രേഖകൾ നിർമിക്കുകയും ചെയ്ത എക്‌സിക്യൂട്ടീവ് പദവി വഹിച്ച മുൻ ഉദ്യോഗസ്ഥന് കോടതി പതിനാറു വർഷം തടവും പിഴയുമാണ് വിധിച്ചത്. ഈ ഉദ്യോഗസ്ഥന് കീഴിലെ ഏതാനും ഉദ്യോഗസ്ഥരും വ്യക്തിപരമായ നേട്ടങ്ങൾക്ക് അധികാര ദുർവിനിയോഗം നടത്തിയിരുന്നു. ഇവർക്ക് കോടതി വ്യത്യസ്ത കാലത്തേക്കുള്ള തടവും പിഴയുമാണ് വിധിച്ചത്. അഴിമതിയിലൂടെയും അധികാര ദുർവിനിയോഗത്തിലൂടെയും ഇവർ സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനും വിധിയുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിട്ടും തന്റെ കമ്പനിയും കമ്പനിയിലെ ജീവനക്കാരും മുഖേനയും കൈക്കൂലി നൽകിയ വ്യവസായിക്കും കോടതി 16 വർഷം തടവും പിഴയും വിധിച്ചു. ലൈസൻസില്ലാതെ വ്യാപാര മേഖലയിൽ പ്രവർത്തിക്കൽ, വ്യാജ രേഖകൾ നിർമിക്കൽ, തട്ടിപ്പുകളിലൂടെ ആളുകളുടെ പണം വിഴുങ്ങൽ എന്നീ ആരോപണങ്ങളിലും വ്യവസായി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇയാളുടെ കമ്പനിയിലെ ഏതാനും ജീവനക്കാരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. കേസിൽ ഏതാനും കമ്പനികളെയും കോടതി ശക്ഷിച്ചു. ഈ കമ്പനികൾക്ക് കോടതി പിഴ ചുമത്തി. സർക്കാർ വകുപ്പുകളുമായി കരാറുകൾ ഒപ്പുവെക്കുന്നതിൽ നിന്ന് കമ്പനികൾക്ക് നിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
അഴിമതിക്കാരെ കണ്ടെത്തി നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുന്നതിനുള്ള ശ്രമങ്ങൾ അഭംഗുരം തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. അഴിമതി നിർമാർജനം ദേശീയ മുൻഗണനയും സുസ്ഥിര ലക്ഷ്യവുമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.