തലശ്ശേരി- ഭർത്താവിന്റെ പരാതിയിൽ ഭാര്യയുടെ രണ്ടാം വിവാഹം കോടതി വിലക്കിയിട്ടും വിവാഹം നടത്തിയതായി പരാതി. കണ്ണൂർ കണ്ണാടിപ്പറമ്പിലെ കൃഷ്ണദാസ് നിലയത്തിൽ കെ.കൃഷ്ണദാസ് തലശ്ശേരി നിട്ടൂർ തെരുവിലെ കെ.രേഷ്മയെ പതിനാറ് വർഷം മുമ്പാണ് വിവാഹം കഴിച്ചത്.
ഇതിൽ പതിനാല് വയസ്സുള്ള ഒരു മകളുമുണ്ട്.വിദേശത്ത് ജോലി ചെയ്ത് വരുന്ന കൃഷ്ണദാസ് നാട്ടിൽ എത്തിയപ്പോഴാണ് ഭാര്യ രാജേഷ് എന്നയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അറിയുന്നത്.നിലവിൽ വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരാളുമായി വിവാഹം നടത്തുന്നതിനെതിരെ അഡ്വ.രാജൻ പാറോച്ചാൽ മുഖേന നൽകിയ ഹരജിയിൽ വിവാഹം നടത്തുന്നത് കുടുംബകോടതി ജില്ലാ ജഡ്ജി ശങ്കരൻ നായർ താൽക്കാലികമായി തടയുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് വിവാഹം നടത്തിയതായി ഭർത്താവ് കൃഷ്ണദാസ്, ഭാര്യാസഹോദരിയുടെ ഭർത്താവ് ചൊവ്വ പവിത്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വിദേശത്ത് ജോലി ചെയ്ത് ലഭിച്ച സമ്പാദ്യം എല്ലാം ഭാര്യയുടെ പേരിലായിരുന്നുവെന്നും പ്രായപൂർത്തിയാവാത്ത മകളെയും ഉപേക്ഷിച്ചാണ് മറ്റൊരാളുടെ കൂടെ പോയതെന്നും ബന്ധുക്കളായ ഹരിദാസൻ, നാരായണൻ എന്നിവർ ആരോപിച്ചു.