Sorry, you need to enable JavaScript to visit this website.

മരണച്ചുഴിയായി കിടങ്ങൂർ കാവാലിപ്പുഴ

കിടങ്ങൂർ കാവാലിപ്പുഴ കടവ്. 

കോട്ടയം- മരണച്ചുഴിയായി കിടങ്ങൂർ കാവാലിപ്പുഴ. കഴിഞ്ഞ മാസങ്ങളിൽ മാത്രം ഇവിടെ മൂന്നു ജീവൻ പൊലിഞ്ഞു. മീനച്ചിലാറിന്റെ ഏറ്റവും വശ്യതയുളള കിടങ്ങൂർ കാവാലിപ്പുഴയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നത്. കഴിഞ്ഞവർഷങ്ങളിൽ ഇവിടെ ആകെ 20 ലധികം പേർ മരിച്ചുവെന്നാണ് നാട്ടുകാരുടെ കണക്ക്.
കിടങ്ങൂർ ക്ഷേത്രത്തിന് പിറകിലുളള മീനച്ചിലാറിനെയാണ് കാവാലിപ്പുഴ എന്നു വിളിക്കുന്നത്. ശക്തമായ അടിയൊഴുക്കും, ചുഴിയുമാണ് പലപ്പോഴും ഇവിടെയെത്തുന്നവരെ അപകടത്തിലേക്ക് വലിച്ചിഴക്കുന്നത്. ദിവസങ്ങൾക്കു മുമ്പായിരുന്നു ഈ അപകട പരമ്പരകളിൽ അവസാനത്തേത്.പുതുപ്പള്ളി ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 
കോളജിലെ എട്ടു വിദ്യാർഥികളാണ് കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ  മറ്റു രണ്ടു പേരും ഒഴുക്കിപ്പെടുകയായിരുന്നു. അതിരമ്പുഴ സ്വദേശി ആഷിക് ഷിയാസ് (16)  ഉൾപ്പടെ രണ്ടുപേരാണ് മുങ്ങിമരിച്ചത്. പ്രളയദിനത്തിലും ഇവിടെ മുങ്ങിമരണം സംഭവിച്ചു. കിടങ്ങൂർ കാവാലിപ്പുഴ കടവിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചേർപ്പുങ്കൽ കളപ്പുരക്കൽ സെബാസ്റ്റ്യന്റെ മകൻ മനീഷ് മുങ്ങിത്താഴ്ന്നത്.
ഇപ്പോൾ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പ്രദേശമാണ് കിടങ്ങൂർ കാവാലിപ്പുഴയോരം. പഞ്ചാരമണലാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കാനായി പഞ്ചായത്ത് തലത്തിൽ തന്നെ പരിപാടികൾക്ക് രൂപം നൽകി വരികയുമാണ്. കാവാലിപ്പുഴയിൽ നടപ്പാക്കാൻ സാധിക്കുന്ന ടൂറിസം പദ്ധതികളെക്കുറിച്ച് പഠിക്കാനും മീനച്ചിലാറിനു കുറുകെ തൂക്കുപാലം നിർമിക്കാനും പരിപാടിയുണ്ട്. പ്രളയത്തെ തുടർന്ന് കാവാലിപ്പുഴയിൽ രൂപപ്പെട്ട മണൽചിറയോടു ചേർന്ന് ആറ്റുതീരത്ത് നടപ്പാക്കാൻ കഴിയുന്ന പദ്ധതികളാണ് അടുത്തയിടെ പരിശോധിച്ചത.് ടൂറിസം വകുപ്പും ഡിടിപിസിയും സംയുക്തമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഉറപ്പില്ലാത്ത മണ്ണാണ് വെള്ളത്തിനിടിയിലുള്ളത്. ഇടിമണൽ എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. ഇടിമണ്ണിൽ ചവിട്ടിയാൽ കാൽ ഉറയ്ക്കില്ല. ഒഴുക്കിൽപ്പെട്ട് ചുഴിയിലേയ്ക്ക് വീഴുന്നു. കാവാലിപ്പുഴയിൽ കയങ്ങളുണ്ട്. ഈ കയങ്ങളാണ് അപകടത്തിന് വഴിയൊരുക്കുന്നത്. സ്ഥലവാസിയായ പലരും ഇവിടെ അപകടത്തിൽപ്പെട്ടു. തുടർന്ന് കാൽനൂറ്റാണ്ടായി ഇവിടെ മരണം തുടരുകയാണ്. ദുരൂഹമരണങ്ങളും ആത്മഹത്യയും അശ്രദ്ധമൂലമുള്ള മരണങ്ങളും. പ്രദേശത്ത് ടൂറിസം വികസനത്തിനൊപ്പം അപകടങ്ങളെ നേരിടാനുളള മുന്നറിയിപ്പുകളും ലൈഫ് ഗാർഡും ജാക്കറ്റും ഉൾപ്പടെയുളള ക്രമീകരണങ്ങളും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News