Sorry, you need to enable JavaScript to visit this website.

പ്ലാസ്റ്റിക്കിനെ തുരത്താൻ മലപ്പുറം മോഡൽ 

പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്കും മനുഷ്യ ജീവനും കടുത്ത ഭീഷണിയായി മാറുന്ന കാലമാണിത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അനുദിനം വർധിക്കുകയും എന്നാൽ അവ നശിപ്പിക്കുന്നതിനോ പുനർനിർമിക്കുന്നതിനോ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രതിസന്ധി വർധിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കാണുന്നുമില്ല. ഉപയോഗം കഴിഞ്ഞ് പൊതു ഇടങ്ങളിൽ വലിച്ചെറിയപ്പെടുന്ന പ്ലാസിറ്റിക്കുകൾ മണ്ണിന്റെ ജൈവ ഘടനക്ക് തന്നെ വലിയ വെല്ലുവിളിയായി മാറുന്നു. അശാസ്ത്രീയ രീതിയിലുള്ള പ്ലാസ്റ്റിക് സംസ്‌കരണമാകട്ടെ, വായു മലിനീരണവും അതുവഴി മാറാരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
പ്ലാസിറ്റിക്കിനെ തുരത്താനുള്ള പുതിയ മലപ്പുറം മോഡൽ പദ്ധതി കേരളമൊട്ടാകെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന് പകരം ഭക്ഷണം എന്ന പുതിയ പദ്ധതിയാണ് മലപ്പുറം നഗരസഭ അവതരിപ്പിക്കുന്നത്. വീടുകളിലോ പൊതു സ്ഥലങ്ങളിലോ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ നഗരസഭക്ക് എത്തിച്ചു കൊടുത്താൽ പകരം ഭക്ഷണപ്പൊതി ലഭിക്കുന്നതാണ് നൂതനവും കൗതുകകരവുമായ ഈ പദ്ധതി. പ്ലാസിറ്റിക് ശേഖരണം ഫലവത്തായി നടക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ പരിധിയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ഇത്തരത്തിൽ ശേഖരിക്കാനാകുമെന്നും അത് ശാസ്ത്രീയമായി മലിനീകരണമില്ലാതെ സംസ്‌കരിക്കാൻ ഈ പദ്ധതിക്കാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വികസന രംഗത്ത് ഒട്ടേറെ നൂതനവും ജനകീയവുമായ പദ്ധതികൾ അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മലപ്പുറം ജില്ലയിൽ നിന്നുള്ള ഈ പുതിയ പദ്ധതിയും ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് സാക്ഷരതാ പദ്ധതിയും കംപ്യൂട്ടർ സാക്ഷരതാ യജ്ഞവും വിജയിപ്പിച്ചു കാണിച്ചു കൊടുത്ത മലപ്പുറം മാലിന്യ സംസ്‌കരണത്തിനും പുതിയൊരു അധ്യായമെഴുതാനിരിക്കുകയാണ്.
പ്ലാസ്റ്റിക്കിന് പകരം ഭക്ഷണം എന്ന പദ്ധതിയിലൂടെ ഒട്ടേറെ ലക്ഷ്യങ്ങളാണ് നഗരസഭക്കുള്ളത്. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും അവ ശേഖരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഗതിയിൽ പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സാധാരണ ജനങ്ങൾ തയാറാകാറില്ല. അത് ആക്രിക്കച്ചവടക്കാരുടെയോ കുടുംബശ്രീ പ്രവർത്തകരുടെയോ ജോലിയാണ് എന്ന പൊതുധാരണയാണ് സമൂഹത്തിലുള്ളത്. എന്നാൽ ആർക്കും പ്ലാസിറ്റിക് മാലിന്യം ശേഖരിക്കാമെന്നും അത് സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കാമെന്നും ഈ പദ്ധതിയിലൂടെ മലപ്പുറം നഗരസഭ ബോധവൽക്കരണം നടത്തുകയാണ്. പകരമായി ഭക്ഷണം നൽകുന്നതോടെ താഴ്ന്ന വരുമാനക്കാരായ ജനങ്ങൾക്ക് പുറമെ യുവാക്കളും ഈ രംഗത്തേക്കിറങ്ങുമെന്നാണ് കണക്കുകൂട്ടന്നത്.
ഈ പദ്ധതിക്ക് പിന്നിൽ ഒരു ജനകീയ മുന്നേറ്റമുണ്ടാകുമെന്നും നഗരസഭ പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർ ഈ പദ്ധതിക്ക് പിന്നിൽ അണിചേരാനിരിക്കുകയാണ്. നഗരസഭാ പരിധിയിലെ വാർഡുകൾ തോറും ഈ പദ്ധതിയുടെ കാമ്പയിൻ അടുത്ത ദിവസം തുടങ്ങും. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെക്കുന്നതിനും അത് നഗരസഭക്ക് കൈമാറുന്നതിനും പദ്ധതി മൂലം കഴിയുമെന്നാണ് കരുതുന്നത്.
പ്ലാസ്റ്റിക് മാലിന്യ ശേഖരം ഓരോ ആളുകളുടെയും കർത്തവ്യമാണെന്ന അവബോധം സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയുന്നുണ്ട്. വീടുകളിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന മാലിന്യം ശേഖരിക്കാനും അത് നൽകി ഭക്ഷണം വാങ്ങുവാനും താൽപര്യമുള്ളവരുടെ എണ്ണം വരുംനാളുകളിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. മാലിന്യ സംസ്‌കരണ രംഗത്ത് വലിയൊരു സന്ദേശമാണ് മലപ്പുറം നഗരസഭ ഈ പദ്ധതിയിലൂടെ നൽകുന്നത്. പരിസ്ഥിതിക്കും ആരോഗ്യത്തിനും വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാനും അവ യഥാവിധി സംസ്‌കരിക്കാനുമുള്ള ഈ പദ്ധതി അനുകരണീയമാണ്.

Latest News