കോഴിക്കോട്- കോഴിക്കോട്ടെ മാവോയിസ്റ്റ് സാന്നിധ്യത്തിന് കാരണം മുസ്്‌ലിം തീവ്രവാദ സംഘടനയാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോൾ മനസിലായില്ലേ എ്ന്നും ബൽറാം ചോദിച്ചു.
വി.ടി ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യു.എ.പി.എ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്്‌ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ ''മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ'ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.